‘സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ നിയമസഭ നിയന്ത്രിക്കാൻ വടകര എംഎൽഎ കെ.കെ.രമയും എത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ സാർ, മാഡം എന്ന് വിളിക്കേണ്ടി വരുമല്ലോ..’ എ.എൻ.ഷംസീറിന്റെ ചരിത്രപരമായ തീരുമാനത്തിന് പിന്നാലെ സൈബർ ഇടങ്ങളിൽ തുടങ്ങിയ ചർച്ചകളിൽ ചില ‘രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം പോയത് ഇങ്ങനെ. ടി.പി വധം അടക്കം ചൂണ്ടിക്കാട്ടിയുള്ള എതിരാളികളുടെ നീക്കം. ഇതോടെ ചർച്ചകളും വിവിധ തലത്തിലേക്ക് എത്തി. മുന്‍ സ്പീക്കര്‍ എംബി രാജേഷും സാര്‍ വിളിയിലെ പ്രശ്നങ്ങള്‍ പരാമര്‍ശിച്ചിരുന്നു.‘സാർ, മാഡം’ എന്നൊക്കെ ഇപ്പോഴും വിളിക്കേണ്ടതുണ്ടോ മാതൃഭാഷയിൽ തന്നെ ബഹുമാനം കാണിച്ചാൽ പോരെ എന്നാണ് ഉയരുന്ന ചോദ്യങ്ങളിലൊന്ന്. ഇതിന് ഉദാഹരണമായി അന്തരിച്ച ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയുടെ പ്രസംഗമാണ് ഉയർത്തികാട്ടുന്നത്.
വൈ.എസ്.ആർ സഭയിൽ ഉള്ളപ്പോൾ ചെയറിൽ പുരുഷനായാലും സ്ത്രീ ആയാലും അദ്ദേഹം സംബോധന ചെയ്യുക 'മാ അധ്യക്ഷ' (ഞങ്ങളുടെ അധ്യക്ഷൻ, അധ്യക്ഷ) എന്നാണ്. ഈ പ്രസംഗത്തിന്റെ വിഡിയോ ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാണ്. അത്തരത്തിൽ സാർ, മാഡം എന്നീ വിളികൾ ഒഴിവാക്കി ശ്രേഷ്ഠ ഭാഷാ പദവിയുള്ള മലയാളത്തിൽ നിന്നുള്ള മനോഹരമായ ഒരു പദം ചെയറിനെ വിളിക്കാൻ കണ്ടെത്തണം എന്നാണ് സൈബർ ഇടങ്ങളിലെ ആവശ്യം.