സിനിമയിലും പുറത്തുമുള്ളവരെ ഞെട്ടിച്ചാണ് നടൻ കൊച്ചുപ്രേമന്റെ അപ്രതീക്ഷിത വിയോഗവാർത്ത പുറത്തുവന്നത്. അഭിനയരംഗത്ത് സജീവമായിരിക്കെയാണ് പൊടുന്നനെയുള്ള മരണം. ശ്വാസകോശരോഗത്തിന് ചികില്‍സയിലായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതോടെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മഴവിൽ മനോരമയുടെ തട്ടീം മുട്ടീം, പ്രേക്ഷകരെ ആവശ്യമുണ്ട് എന്നീ സീരിയലുകളിൽ അദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു. കൊച്ചുപ്രേമന്റെ മാദേവൻ അമ്മാവൻ എന്ന തട്ടീം മുട്ടീം കഥാപാത്രത്തിന് വലിയ പ്രേക്ഷകപ്രീതിയാണ് ലഭിച്ചിരുന്നത്. കെ.പി.എ.സി ലളിത അവതരിപ്പിച്ചിരുന്ന മായാവതി അമ്മ എന്ന കഥാപാത്രത്തിന്റെ സഹോദരന്റെ വേഷമായിരുന്നു ഇത്. മഴവിൽ മനോരമയുടെ തന്നെ പണം തരും പടം എന്ന പരിപാടിയിൽ കൊച്ചുപ്രേമനും ഭാര്യയും പങ്കെടുത്തിരുന്നു. പരിപാടിക്കിടെ ഇരുവരും പാട്ടുപാടി ചുവടുകൾ വച്ചത് അവരുടെ ജീവിതത്തിലെ തന്നെ അപൂര്‍വ നിമിഷങ്ങളായിരുന്നു.
1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയിലൂടെയാണ് കൊച്ചുപ്രേമന്റെ അരങ്ങേറ്റം. 250ലേറെ ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സീരിയലുകളിലും സജീവമായിരുന്നു. പട്ടാഭിഷേകം, ഓര്‍ഡിനറി, ആക്ഷന്‍ ഹീറോ ബിജു, ട്രിവാന്‍ഡ്രം ലോഡ്ജ്, മായാമോഹിനി, മാട്ടുപ്പെട്ടി മച്ചാന്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഗിരിജ പ്രേമനും അഭിനയരംഗത്തുണ്ട്.