കൊതുക് കടിയേൽക്കാത്ത മനുഷ്യരുണ്ടോയെന്നത് സംശയമാണ്. സാധാരണയായി കടിക്കുന്ന കൊതുകിനെ പലപ്പോഴും നമ്മൾ തന്നെ അടിച്ച് കൊല്ലാറുമുണ്ട്. വേദനയും ചൊറിച്ചിലും അധികം നീണ്ട് നിൽക്കാറുമില്ല. പക്ഷേ ഇങ്ങനെയൊന്നുമല്ല ജർമൻകാരനായ സെബാസ്റ്റ്യന് സംഭവിച്ചത്. കഴിഞ്ഞ വർഷം ഒരു കൊതുക് കടിച്ചതോടെ സെബാസ്റ്റ്യന്റെ ജീവിതം തന്നെ അപകടാവസ്ഥയിലേക്ക് പോയി.
'ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോ' എന്നയിനം കൊതുകാണ് സെബാസ്റ്റ്യനെ കടിച്ചത്. ഈ കൊതുകിന്റെ കടിയേറ്റ ശേഷം ബ്ലഡ് പോയിസണിങ് സംഭവിച്ചതാണ് സെബാസ്റ്റ്യനെ കുഴപ്പത്തിലാക്കിയത്. താമസിയാതെ താൻ കിടപ്പിലായെന്ന് സെബാസ്റ്റ്യൻ പറയുന്നു. ശുചിമുറിയിൽ പോലും തനിയെ പോകാൻ കഴിയാത്ത സ്ഥിതിയിലായി സെബാസ്റ്റ്യൻ. ശക്തമായ പനിയും ബാധിച്ചു. ഇടതു തുടയിൽ പഴുപ്പുനിറഞ്ഞ ഒരു മുഴയും പ്രത്യക്ഷപ്പെട്ടു. താമസിയാതെ ഒരു മാസം കോമാ സ്റ്റേജിലുമായി. കരൾ, കിഡ്നി, ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങൾക്കു തകരാറുകളും സംഭവിച്ചു. ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോയുടെ കടിയേറ്റതാകും ഇതിനെല്ലാം കാരണമെന്നു മനസിലാക്കിയ ഡോക്ടർമാർ, സെബാസ്റ്റ്യനെ ഇന്റെൻസീവ് കെയർ യൂണിറ്റിലേക്കു മാറ്റി. മുപ്പത് ശസ്ത്രക്രിയകളെങ്കിലും നടത്തേണ്ടി വന്നു. രണ്ടു കാൽവിരലുകൾ ഭാഗികമായി മുറിക്കേണ്ടിയും വന്നു. രക്ഷപെടുമെന്ന് തരിമ്പും പ്രതീക്ഷയില്ലാതിരുന്നയിടത്ത് ചികിൽസ ഫലിച്ചുവെന്നും ആരോഗ്യനില മെച്ചപ്പെട്ടുവെന്നും സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.
Man slips to coma , undergoes 30 surgeries due to mosquito bite