' ചരിത്രത്തിനൊപ്പം നടന്ന ചെരുപ്പ്'.. ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ പഴയ ലെതർ ചെരുപ്പ് ലേല മാർക്കറ്റിൽ ഇടം പിടിച്ചത് ഇങ്ങനെയാണ്. 218,750 ഡോളർ (ഏകദേശം 1.77 കോടി രൂപ)യാണ് ചെരുപ്പിന് വില വീണത്. 1970 കളുടെ മധ്യത്തിൽ സ്റ്റീവ് വാങ്ങിയ ബിർകെൻസ്റ്റോക്സിന്റെ ലെതർ ചെരുപ്പാണ് മോഹവില നേടി ചരിത്രം സൃഷ്ടിച്ചത്. 1980 വരെ സ്റ്റീവ് ഈ ചെരുപ്പ് ഉപയോഗിച്ചിരുന്നതായി രേഖകൾ പറയുന്നു.
സ്റ്റീവിന്റെ വീട്ടുകാര്യങ്ങൾ നോക്കി നടത്തിയിരുന്ന മാർക് ഷെഫിന്റെ കൈവശമാണ് ഈ ചെരുപ്പ് ഉണ്ടായിരുന്നത്. ആപ്പിളിന്റെ ചരിത്രത്തിലെ നിർണായക കാലഘട്ടത്തിൽ സ്റ്റീവ് ധരിച്ചിരുന്നത് ഈ ചെരുപ്പാണെന്ന് ലേലക്കമ്പനി പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നു.
സ്റ്റീവിന്റെ ലാളിത്യത്തിന്റെ ഭാഗമായിരുന്നു ഈ ചെരുപ്പെന്നാണ് മുൻഭാര്യയായ ക്രിസൻ ബ്രെന്നൻ വോഗിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അത് സ്റ്റീവിന് യൂണിഫോം പോലെയായിരുന്നുവെന്നും യൂണിഫോമാകുമ്പോൾ എന്ത് ധരിക്കുമെന്ന് രാവിലെ ആശങ്കപ്പെടേണ്ടല്ലോ എന്നും അവർ കൂട്ടിച്ചേർത്തു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്ന ഒന്നും തന്നെ സ്റ്റീവ് അങ്ങനെ വാങ്ങിക്കൂട്ടിയിരുന്നില്ല. കാണാനും ധരിക്കാനും കൊള്ളാമെന്ന് തോന്നുന്നത് ഉപയോഗിക്കുകയായിരുന്നു ചെയ്ത് വന്നത്. ബിർകെൻസ്റ്റോക്സിന്റെ ഈ ചെരുപ്പ് ഇടുമ്പോൾ അദ്ദേഹത്തിന് ഒരിക്കലും സ്വയം ബിസിനസുകാരനായി തോന്നിയിരുന്നില്ല, അതുകൊണ്ട് തന്നെ ക്രിയേറ്റീവായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ചെരുപ്പുകളിൽ നിന്നും ലഭിച്ചിരുന്നുവെന്നും ക്രിസ് കൂട്ടിച്ചേർത്തു.
Steve job's s old sandal sold for 1.77 cr in auction