‘ഓൻ െകാണ്ട അടിയിൽ ഏറ്റവും ഏറ്റവും പവറാർന്നൊരടി..’ അത് ഒളുടെ മെലഡി ആയിരുന്നെങ്കിൽ കഴിഞ്ഞ മാസങ്ങളിൽ കേരളത്തിന്റെ വടക്കുമുതൽ തെക്ക് വരെ നടന്ന അടികൾക്ക് കയ്യും കണക്കുമില്ല. തല്ലുമാലയും തെക്കൻ തല്ലും റിലീസായപ്പോൾ ഈ സിനിമകളെ തോൽപ്പിക്കുന്ന തല്ലുകൾ കണ്ടാണ് മലയാളിയുടെ കരണം പുകഞ്ഞത്. കാര്യമറിയുമ്പോൾ ഇതിനാണോ ഇക്കണ്ട തല്ലെല്ലാം നടത്തിയത് എന്ന് ചോദിക്കും വിധമുള്ള വെറൈറ്റി തല്ലുകൾ. പപ്പടത്തിന് അടി, കല്യാണം വിളിക്കാത്തതിന് അടി, ലെയ്സ് െകാടുക്കാത്തതിന് അടി, ഹോൺ അടിച്ചതിന് അടി, മുണ്ടുടുത്തതിന് അടി, സിഗററ്റ് കൊടുക്കാത്തതിന് അടി, ക്രീം ബണ്ണിൽ ക്രീം ഇല്ലാത്തതിന് അടി, എന്തിനേറെ പറയുന്നു ബീഫ് ഫ്രൈ വാങ്ങി പോയവനെ തടഞ്ഞുനിർത്തി തല്ലി കോലം െകടുത്തിയ ശേഷം ബീഫ് തട്ടിയെടുത്ത ഗുണ്ടകളുടെ അടി.. അങ്ങനെ അടികൾ പലവിധമാണ്. എന്തിന് ഇങ്ങനെ തല്ലി തീർക്കുന്നെന്ന് ചോദിച്ചാൽ‌ കൃത്യമായ ഒരു ഉത്തരം തല്ലിയവനുപോലുമില്ല എന്നതാണ് ഇവിടെ കൗതുകം. അങ്ങനെ പോയ മാസത്തിൽ കണ്ട ചില തല്ലുകേസുകളുടെ ഓർമപ്പെടുത്തലാണ് ഇനി. നിസ്സാര പ്രശ്നങ്ങളെ, അഭിപ്രായവ്യത്യസങ്ങളെ തല്ലി തീർക്കാതെ സംസാരിച്ച് തീർക്കാം എന്ന ഓർമപ്പെടുത്തൽ കൂടിയാണിത്.

 

∙ പപ്പടത്തല്ല്

 

വിവാഹസദ്യയ്ക്കിടയിൽ പപ്പടം കിട്ടാത്തതിനെ തുടർന്ന് ആലപ്പുഴയില്‍ നടന്ന കൂട്ടത്തല്ല്. സ്വകാര്യ ഓഡിറ്റോറിയത്തിലായിരുന്നു പപ്പടം കിട്ടാത്തവർ തല്ലിനിറങ്ങിയത്. സംഘർഷത്തില്‍ ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. ഓഡിറ്റോറിയം ഓഫീസിലിരുന്ന മാനേജർക്കും കിട്ടി കസേര കൊണ്ട് ഏറ്. ഒപ്പം 14 സ്റ്റിച്ചും. സദ്യ ഹാളിന്റെ അകത്ത് തുടങ്ങിയ തമ്മിലടി പിന്നീട് പുറത്തേക്കും എത്തി. ഒടുവിൽ പൊലീസെത്തി സ്ഥലം ശാന്തമാക്കി. പപ്പടയടി അങ്ങനെ സൈബർ ലോകത്ത് ചരിത്രപ്രസിദ്ധമായി ഇന്നും തുടരുന്നു.

 

∙ലെയ്സ് തരാത്തതിന് അടി

 

ഇതിൽ ഒരു ട്വിസ്റ്റുണ്ട്. കോഴിയെ മോഷ്ടിച്ചതിനാണ് തല്ല് നടന്നതെന്ന് പൊലീസും എന്നാൽ ലെയ്‌സ് ചോദിച്ചാണ് തല്ലിയതെന്ന് മർദനമേറ്റയാളും പറയുന്നതാണ് ഇവിടുത്തെ ശ്രദ്ധാകേന്ദ്രം. സംഭവം െകാല്ലത്താണ്. 

 

∙സിഗരറ്റ് െകാടുക്കാത്തതിന് അടി

 

വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് ചോദിച്ചിട്ട് െകാടുക്കാത്തത് െകാണ്ടാണ് ഇവിടെ തല്ല് തുടങ്ങിയത്. തല്ലും കടന്ന് വെട്ടിപരുക്കേൽപ്പിക്കുന്നതിലേക്കും കാര്യങ്ങളെത്തി. ഇതും കൊല്ലത്താണ്. 

 

∙കല്യാണം വിളിക്കാത്തതിന് അടി

 

വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ് വീട്ടിലേക്ക് എത്തി സമ്മാനമായി പണം നൽകി. വീട്ടുകാർ ഇത് സ്വീകരിച്ചില്ല. ഇതോടെ തിരുവനന്തപുരം ബാലരാമപുരത്തെ വിവാഹ വീട്ടില്‍ നടന്നത് കൂട്ടത്തല്ല്. വധുവിന്‍റെ അച്ഛന്‍ ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു.

 

∙ഹോൺ അടിച്ചതിന് അടി

 

തലസ്ഥാനത്ത് ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കിയെന്നാരോപിച്ച് സർക്കാർ ജീവനക്കാരനാണ് തല്ലുകൊണ്ടത്. ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ സിഗ്നൽ കാത്തുനിന്ന യുവാക്കൾ, ഹോൺ മുഴക്കിയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു സർക്കാർ ജീവനക്കാരനെ തല്ലിയത്. താനല്ല ഹോൺ മുഴക്കിയതെന്നു പറഞ്ഞിട്ടും കേൾക്കാതെയായിരുന്നു ഈ തല്ല്. ഇതിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ തയാറാകാതിരുന്ന പൊലീസിന് ഇക്കാര്യത്തിൽ ഒറ്റപ്പെട്ട ഒരു വീഴ്ചയും സംഭവിച്ചു. 

 

∙ബീഫ് ഫ്രൈ തല്ല്

 

തട്ടുകടയിൽ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിർത്തി തല്ലിയ ശേഷം ബീഫ് ഫ്രൈ തട്ടിയെടുത്തു. പണം ഇല്ലെന്ന് പറഞ്ഞതോടെയാണ് കണ്ണ് ബീഫിലേക്ക് എത്തിയത്. തടഞ്ഞപ്പോൾ തല്ലിയ ശേഷം ബൈക്കിലിരുന്ന ബീഫ് ഫ്രൈ തട്ടിയെടുത്ത് കടന്നു കളഞ്ഞു ഗുണ്ടകൾ.  

 

∙ബണ്ണിൽ ക്രീമില്ലാത്തതിന് തല്ല്

 

ക്രീംബണ്ണില്‍ ക്രീം ഇല്ലെന്നുപറഞ്ഞ് ഒരുസംഘം യുവാക്കൾ ബേക്കറിയുടമയെ തല്ലി. പിന്നെ കൂട്ടത്തല്ല്. ബേക്കറിയും അടിച്ചുതകര്‍ത്തു. ചായ കുടിക്കാൻ എത്തിയ 95കാരനും തല്ലിനിടയിൽ പരുക്കേറ്റു. സംഭവം വൈക്കത്ത്.

 

∙ കപ്പലണ്ടിത്തല്ല്

 

വഴിയോരക്കച്ചവടക്കാരനില്‍നിന്ന് വാങ്ങിയ കപ്പലണ്ടിക്ക് എരിവുപോരെന്നുപറഞ്ഞ് തുടങ്ങിയ തര്‍ക്കത്തിനൊടുവില്‍ കൊല്ലം ബീച്ചില്‍ നടന്നത് കൂട്ടത്തല്ല്. ഏഴുപേർക്കാണ് പരുക്കേറ്റത്.

 

∙മുണ്ടുടുത്തതിന് അടി

 

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിന് മുണ്ടുടുത്താണ് ഈ മുണ്ട് തല്ലിന് കാരണം. അവർ മുണ്ടുടത്തത് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അത്ര ഇഷ്ടായില്ല. പിന്നെ ചോദ്യമായി പറച്ചിലായി തല്ലായി നടുറോഡിൽ കൂട്ടത്തില്ലായി.സംഭവം നിലമ്പൂരിൽ. ഇതിെനാപ്പം പട്ടാമ്പിയും ആറ്റിങ്ങലും സ്കൂൾ വിദ്യാർഥികളുടെ വക കുട്ടിത്തല്ലും ഇതിന്റെ ഭാഗമായി ചേർത്തുകാണാം. അടിയുടെ കഥ തുടർക്കഥയായപ്പോൾ നാട്ടുകാരും ഇടപെട്ട സംഭവങ്ങളും ഉണ്ട്. പിന്നെ നടന്നത് നെട്ടോട്ടം.

 

∙ തടഞ്ഞതിന് തല്ല്

 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിയെ കാണാനെത്തിയയാളെ തടഞ്ഞെന്നാരോപിച്ച് സുരക്ഷാജീവനക്കാരനെ 15 അംഗസംഘം വളഞ്ഞിട്ടുതല്ലി. ഇത് പിന്നീട് രാഷ്ട്രീയ വിവാദതല്ലായി.

 

വടക്കെന്നോ തെക്കന്നോ നടുക്കെന്നോ ഇല്ല. അടുത്തിടെ കേരളമെങ്ങും അടിയോടടിയാണ് അടിമയമാണ്. ഇതിൽ പലസംഭവത്തിലും അടി കൊടുത്തവും െകാണ്ടവനും പരാതി ഇല്ലാത്തതോടെ കാണുന്നവനും കേൾക്കുന്നവനും ചിരിക്കാനുള്ള വകയ്ക്കാണ് വകുപ്പുള്ളത്. ലിംഗ വ്യത്യാസമില്ലാത്ത, പ്രായവ്യത്യാസമില്ലാതെ തമ്മിലിങ്ങനെ തല്ലി തീർക്കുന്ന മലയാളിയും പാടുന്നുണ്ട്. നാമൊന്നല്ലേ നമ്മളൊന്നല്ലേ നമുക്ക് ഉടയോനും ഈ മണ്ണിന് ഉടയോനും നമ്മളല്ലേ.. ഈ നമ്മളല്ലേ.. അതിനൊപ്പം ഈ അടിക്കൂട്ടിൽ നമ്മളില്ലേ എന്നും കൂടി പറഞ്ഞാൽ മലയാളി െപാളിയല്ലേ..