ഇന്ത്യയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഢ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. പതിനാറാമത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഢിന്റെ മകന്‍ പരമോന്നതപദവിയേല്‍ക്കുമ്പോള്‍ അത് സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇടംപിടിക്കും. ജസ്റ്റിസ് യു.യു.ലളിതിന്റെ പിന്‍ഗാമിയായാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് ചീഫ് ജസ്റ്റിസാകുന്നത്. റെക്കോര്‍ഡുകള്‍ക്കപ്പുറം നീതിനിര്‍വഹണ കാര്യത്തില്‍ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്റെ കാലയളവിനെ വലിയ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
വിധികള്‍, നിലപാടുകള്‍
ഡല്‍ഹി ഐഐടിയിലെ ഒരു ചടങ്ങ്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിനോട് വിദ്യാര്‍ഥികളിലൊരാള്‍ ചോദിച്ചു. ‘ജുഡീഷ്യറിയിലെ പക്ഷപാതത്തെക്കുറിച്ച് എന്താണഭിപ്രായം?’ കുഴപ്പം പിടിച്ച ചോദ്യമാണ്. വേണമെങ്കില്‍ ഒഴിഞ്ഞുമാറാം. പക്ഷേ ചോദ്യത്തെ മുഖാമുഖം നേരിട്ട അദ്ദേഹം ലളിതമായി മറുപടി നല്‍കി. ‘ഒരു ന്യായാധിപന്‍ ആദ്യം സ്വന്തം മനസിലുള്ള പക്ഷപാതം തിരിച്ചറിഞ്ഞ് അംഗീകരിക്കണം. അതാണ് നീതിനിര്‍വഹണത്തില്‍ നിക്ഷ്പക്ഷത ഉറപ്പാക്കാനുള്ള ആദ്യചുവട്.’
ഉളളിലേക്ക് നോക്കാനും സ്വയം തിരിച്ചറിയാനും തെറ്റുകളെ വിമര്‍ശിക്കാനും അറിവുകളെ അതിരുകള്‍ക്കുള്ളില്‍ ഒതുക്കാതിരിക്കാനുമുള്ള ഈ ആര്‍ജവമാണ് നീതിപീഠത്തില്‍ പരീക്ഷണങ്ങള്‍ നേരിട്ട എല്ലാ ഘട്ടങ്ങളിലും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന് കരുത്തായത്. അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ക്കൊപ്പം ശ്രദ്ധനേടിയ വിയോജന വിധികള്‍ അക്കാര്യം എടുത്തുപറയും
‘വിയോജിപ്പ് ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വാണ്. അത് ചുറുചുറുക്കുള്ള ജനാധിപത്യത്തിന്റെ അടയാളമാണ്. ഒരു കൂട്ടര്‍ക്ക് ഇഷ്ടമല്ലാത്ത വിഷയങ്ങള്‍ക്കുവേണ്ടി ഉയരുന്ന പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയില്ല’. ഭീമ കോറെഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് ആക്ടിവിസ്റ്റുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി സുപ്രീംകോടതി ബെഞ്ചില്‍ ഉയര്‍ന്ന ഒരേയൊരു ശബ്ദമായിരുന്നു ഇത്. ‘സംശയങ്ങളുടെ അള്‍ത്താരയില്‍ ബലികഴിക്കപ്പെടേണ്ടതല്ല വിയോജിപ്പ്’ എന്ന ഉറച്ച നിലപാട് എക്കാലത്തും ജസ്റ്റിസ് ചന്ദ്രചൂഢ് നീതിപീഠത്തിലെ സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചുപോന്നു.
ആധാറിന്റെ സാധുത അംഗീകരിച്ച സുപ്രീംകോടതി ബെഞ്ചിലെ ഏക വിയോജനസ്വരം ജസ്റ്റിസ് ചന്ദ്രചൂഢിന്റേതായിരുന്നു. പൗരന്റെ വ്യക്തിത്വങ്ങള്‍ ആധാര്‍ എന്ന പന്ത്രണ്ടക്കത്തില്‍ തളച്ചിടപ്പെടേണ്ടതല്ല എന്നാണ് അദ്ദേഹം വിയോജനവിധി ന്യായത്തില്‍ എഴുതിയത്.
2018 സെപ്തംബറില്‍ ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിക്കൊണ്ടുള്ള വിധിന്യായം ചരിത്രത്തില്‍ ഇടംപിടിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 377-ാം വകുപ്പിനെ കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ മക്കാളെ പാരമ്പര്യത്തിലുള്ള കൊളോണിയല്‍ നിയമം എന്നാണ് അദ്ദേഹം വിധിയില്‍ വിശേഷിപ്പിച്ചത്. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് ഈ വിധിയിലാണ്. സ്വന്തം അച്ഛന്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ വിധിയാണ് ജസ്റ്റിസ് ചന്ദ്രചൂഢ് ഇവിടെ തിരുത്തിയത്. 1976ലെ എഡിഎം ജബല്‍പുര്‍ കേസിലെ വിധിയില്‍ ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഢ് ഉള്‍പ്പെട്ട ബെഞ്ച് സ്വകാര്യത മൗലികാവകാശമല്ലെന്നാണ് വിധിച്ചത്.
ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡ്, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
സ്ത്രീപക്ഷം
വ്യക്തിജീവിതത്തിലും തൊഴിലിടങ്ങളിലും പൊതുഇടങ്ങളിലും സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ പ്രത്യേകശ്രദ്ധ പ്രകടമാകുന്ന ഇടപെടലുകളും വിധിന്യായങ്ങളുമാണ് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ മറ്റൊരു സവിശേഷത. മതവും ജീവിതപങ്കാളിയെയും തിരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ അവകാശം അവളുടെ അര്‍ഥപൂര്‍ണമായ നിലനില്‍പ്പിന്റെ അടിസ്ഥാനമാണെന്നാണ് ഹാദിയ കേസില്‍ അദ്ദേഹം കൈക്കൊണ്ട നിലപാട്. വിവാഹേതര ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയ വിധി ഉറപ്പിക്കുന്നത് സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യമാണ്. വിവാഹേതരബന്ധം വിവാഹമോചനത്തിനുള്ള കാരണമായി കാണാം, അതിനപ്പുറം ക്രിമിനല്‍ കുറ്റമല്ല എന്നായിരുന്നു നിലപാട്. ഇവിടെയും ജസ്റ്റിസ് ചന്ദ്രചൂഢ് തിരുത്തിയത് 33 വര്‍ഷം മുന്‍പ് സ്വന്തം പിതാവ് എഴുതിയ വിധിന്യായമായിരുന്നു. നിയമങ്ങള്‍ കാലോചിതമാകുകയും വിധികള്‍ കാലാനുസൃതമാകുകയും ചെയ്യണം എന്നായിരുന്നു ഇതിന് അദ്ദേഹത്തിന്റെ വിശദീകരണം.
അവിവാഹിതരായ ഗര്‍ഭിണികള്‍ക്ക് വിവാഹിതരായ സ്ത്രീകളെപ്പോലെ തന്നെ സുരക്ഷിതമായി ഗര്‍ഭം അലസിപ്പിക്കാന്‍ നിയമപരമായ അവകാശം ഉണ്ടെന്ന സമീപകാലവിധിയും തിരഞ്ഞെടുപ്പിനുള്ള സ്ത്രീയുടെ അവകാശം മുന്‍നിര്‍ത്തിയാണ്. ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ബോധ്യപ്പെടുത്തുന്ന വ്യക്തമായ നിലപാടും ഈ വിധിയുടെ ഭാഗമായിരുന്നു.
സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ശാരീരികക്ഷമത കുറഞ്ഞവരാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ചവറ്റുകൊട്ടയിലെറിഞ്ഞാണ് ജസ്റ്റിസ് ചന്ദ്രചൂഢ് കരസേനയിലും നാവികസേനയിലും സ്ത്രീകള്‍ക്ക് പെര്‍മെനന്റ് കമ്മിഷന്‍ നല്‍കാന്‍ ഉത്തരവിട്ടത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന് വിധിച്ച ബെഞ്ചിലും അദ്ദേഹം ഉണ്ടായിരുന്നു.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാരുകള്‍ക്ക് വ്യക്തമായ മാര്‍ഗരേഖ നല്‍കിയ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ്. അയോധ്യയിലെ രാമജന്മഭൂമി കേസില്‍ വിധി പറഞ്ഞ ബെഞ്ചിലും ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് വിധിച്ച ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വിധിച്ചത് ജസ്റ്റിസ് ചന്ദ്രചൂഢ് ഉള്‍പ്പെട്ട ബെഞ്ചാണ്. എന്നാല്‍ ജഡ്ജിമാര്‍ക്ക് കേസുകള്‍ അലോട്ട് ചെയ്യാനുള്ള അവകാശം ചീഫ് ജസ്റ്റിസില്‍ മാത്രം നിക്ഷിപ്തമാക്കിയ നിലപാട് ചില കോണുകളില്‍ നിന്ന് വിമര്‍ശനം ക്ഷണിച്ചുവരുത്തി.
സുപ്രീംകോടതിയില്‍ ലൈവ് സ്ട്രീമിങ്ങ് ഉള്‍പ്പെടെ സുതാര്യത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത് ഇ–കമ്മിറ്റി അധ്യക്ഷനെന്ന നിലയില്‍ ജസ്റ്റിസ് ചന്ദ്രചൂഢിന്റെ ഇടപെടലുകളുടെ ഫലമായാണ്. ചീഫ് ജസ്റ്റിസ് എന്ന പദവി എറ്റെടുക്കുമ്പോള്‍ ഗതകാല നേട്ടങ്ങളും മികവുകളും കൊണ്ടുമാത്രമായിരിക്കില്ല അദ്ദേഹം വിലയിരുത്തപ്പെടുക. ജനാധിപത്യവും ഭരണഘടനയും പൗരാവകാശങ്ങളും എക്കാലത്തെയും വലിയ വെല്ലുവിളി നേരിടുന്ന കാലത്ത് സമ്മര്‍ദങ്ങളെ അതിജീവിച്ച് അവയുടെ അന്തസ്സത്തയ്ക്കനുസൃതമായി സ്വയം മുന്നോട്ടുപോകാനും സുപ്രീംകോടതി എന്ന മഹാസ്ഥാപനത്തെ മുന്നോട്ടുനയിക്കാനും കഴിയുമോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും.
പടവുകള്‍
ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം
ഡല്‍ഹി സര്‍വകലാശാല ക്യാംപസ് ലോ സെന്ററില്‍ നിന്ന് എല്‍.എല്‍.ബി
ഹാര്‍വാഡ് ലോ സ്കൂളില്‍ നിന്ന് എല്‍.എല്‍.എം
ഹാര്‍വാഡില്‍ നിന്ന് ജൂറിഡിക്കല്‍ സയന്‍സസില്‍ ഡോക്ടറേറ്റ്
ബോംബെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകന്‍
1998 അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ
2000 ബോംബെ ഹൈക്കോടതി ജഡ്ജി
2013 അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
2016 സുപ്രീംകോടതി ജഡ്ജി
2022 സുപ്രീംകോടതി ചീഫ് ജസ്റ്റിസ്