ഉറങ്ങിക്കിടന്ന യുവാവിന്റെ പുതപ്പിനുള്ളിൽ വിഷപ്പാമ്പിനെ കണ്ടെത്തി. ശരീരത്തിലൂടെ എന്തോ ഇഴയുന്നത്പോലെ തോന്നിയ യുവാവ് പുതപ്പ് നീക്കിയപ്പോഴാണ് കരിമൂർഖനെ കണ്ടത്. ഇതോടെ ഭയന്നുവിറച്ച് ഇയാൾ പുതപ്പ് വലിച്ചെറിഞ്ഞ് പുറത്തേക്കോടി. മധ്യപ്രദേശിലെ സിരോഞ്ച ഗ്രാമത്തിലാണ് സംഭവം. യുവാവ് കമ്പ് കൊണ്ട് പുതപ്പ് വലിച്ചു മാറ്റിയപ്പോൾ പാമ്പ് പത്തിവിരിച്ച് ആക്രമിക്കാനൊരുങ്ങുന്നതും പുറത്തുവന്ന വിഡിയോയിൽ കാണാം.
ഉടൻതന്നെ യുവാവ് പാമ്പുപിടുത്ത വിദഗ്ധനെ വിവരമറിയിച്ചു. ഉടൻതന്നെ സംഭവസ്ഥലത്തെത്തിയ പാമ്പു പിടുത്തക്കാരൻ വിഷപ്പാമ്പിനെ കമ്പിളിപ്പുതപ്പിനുള്ളിൽ നിന്ന് പിടികൂടി. പാമ്പിനൊപ്പമാകാം യുവാവ് കിടന്നുറങ്ങിയതെന്നാണ് നിഗമനം. തലനാരിഴയ്ക്കാണ് ഇയാൾ പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടത്.