a-ayyappan

TAGS

എ അയ്യപ്പൻ. ലഹരിയുടെ പക്ഷികൾ കൊത്തിത്തീർത്ത കരളുമായി, തെറ്റിയോടുന്ന സെക്കന്റ് സൂചി പോലെ, ജീവിതത്തിനു ചുറ്റും മാളമില്ലാത്ത പാമ്പു കണക്കെ സഞ്ചരിച്ച മലയാളത്തിന്റെ പ്രിയകവി. അച്ചടക്കത്തെ അവിശ്വസിച്ച് ജീവിതത്തിന്റെ നഷ്ടബോധം മനസ്സിൽ കൊണ്ടു നടന്ന് പാതി വഴിയിൽ തെരുവോരത്ത് ആരോരുമറിയാതെ മരണത്തില്‍ സ്വയമലിഞ്ഞ അയ്യപ്പൻ യാത്രപറഞ്ഞിട്ട് പന്ത്രണ്ടു വർഷം.

 

എ അയ്യപ്പന് കവിത ജീവനും ജീവിതവുമായിരുന്നു. അനാഥവും അരക്ഷിതവുമായ തന്റെ ജീവിതത്തിന്റെ വാതിലിൽ ചെന്നു മുട്ടുന്നത് പോലെയാണ് അയ്യപ്പൻ സ്വന്തം കവിതകളിലും ചെന്നു മുട്ടിയത്. മുറിവുകളുടെ വസന്തകാലത്ത് പച്ചയായ ജീവിതയാഥാർഥ്യങ്ങൾ സ്വാഭാവികവും ജൈവികവുമായി രൂപപ്പെടുത്തി കവിത അയ്യപ്പനു മുന്നിൽ വാതിൽ മലർക്കേ തുറന്നു.

 

അയ്യപ്പൻറെ കവിതകൾക്കെപ്പോഴും വിരഹത്തിന്റെയും വിഷാദത്തിന്റെയും രുചിയായിരുന്നു. പ്രേമത്തിന്റെയും കലാപത്തിന്റെയും ശിഥില ബിംബങ്ങൾ അദ്ദേഹം കവിതയിൽ നിറച്ചു. നഷ്ടപ്രണയത്തിന്റെ നൊമ്പരത്തോട് അയ്യപ്പൻ കവിതകളിലൂടെ പ്രതികാരം ചെയ്തു.

 

‘കാവിലിന്നുത്സവമാണ് ഒക്കത്ത് മറ്റൊരുത്തന്റെ കുട്ടിയുമായി അവളിന്ന് വരും’

 

വേരുകൾ പൊട്ടി മരമായ് ശാഖികൾ വീശി തളിരിടും പൂമരമല്ല എന്റെ പ്രേമം.. എന്ന് കുറിക്കുമ്പോൾ പ്രണയ നഷ്ടങ്ങളുടെ, നിരാകരണത്തിന്റെ ചൂടനുഭവിച്ച നിലവിളികൾ കേൾക്കാം....

 

ജീവിതത്തിന്റെ കലർപ്പില്ലാത്ത ഏറ്റുപറച്ചിലായിരുന്നു അയ്യപ്പന്റെ കവിതകൾ. കാവ്യ നിയമങ്ങളെ തച്ചുടച്ച് വൃത്തമോ കൃത്യമായ ഘടനയോ ഇല്ലാതെ ലളിതമായ വാക്കുകൾ കൊണ്ട് അദ്ദേഹം തീക്ഷ്ണമായ ജീവിതം കോറിയിട്ടു. 

poet-a-ayyappan

 

മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിൻകുട്ടിയും, ബലിക്കുറിപ്പുകൾ, വെയിൽ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ, ജയിൽമുറ്റത്തെപ്പൂക്കൾ തുടങ്ങി നിരവധി സൃഷ്ടികള്‍.

 

സാധാരണ സാമൂഹ്യനിര്‍വചനങ്ങള്‍ക്ക് പുറത്തായിരുന്നു എന്നും അയ്യപ്പൻറെ സ്ഥാനം. ജീവിതത്തെ അദ്ദേഹം ഒറ്റയ്ക്ക് ആഘോഷമാക്കി. ഭ്രാന്തിനും യാഥാർഥ്യത്തിനും ഇടയിലുള്ള നൂൽപാലത്തിലൂടെയാണ് അയ്യപ്പൻ നടന്നതത്രയും. സിരകളിൽ ലഹരിയും കൈത്തുമ്പിൽ കവിതയുമായി മുഷിഞ്ഞ വസ്ത്രവും പാറിപ്പറന്ന മുടിയുമായി തെരുവുകളിലൂടെ നഗ്നപാദനായി അയ്യപ്പൻ നടന്നു നീങ്ങി. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കടത്തിണ്ണയിലുമെല്ലാം അന്തിയുറങ്ങി. സമൂഹത്തിന്റെ വരാന്തയിലൂടെ ഞാൻ ഒറ്റയ്ക്ക് നടന്നുപോകുന്നുവെന്ന് പ്രഖ്യാപിച്ച കവിയെ തേടി അരാജകവാദി, തെരുവിന്റെ കവി, ഉന്മാദി, നിഷേധി തുടങ്ങി വിശേഷണങ്ങൾ പലതുമെത്തി.

 

അയ്യപ്പൻ കവിതകളെ മദ്യ ലഹരിയിലെ തോന്ന്യാസങ്ങളെന്നു ചിലർ വിമർശിച്ചപ്പോഴും ധ്യാനാത്മകതയിൽ പിറവിയെടുത്ത ആ വരികൾ അനനുകരണീയമായ മൗലിക സൃഷ്ടികളായി.

 

1949 ഒക്ടോബർ 27 ന് തിരുവനന്തപുരത്തെ നേമത്ത് ജനിച്ച അയ്യപ്പന് ഒന്നാം വയസിൽ അച്ഛനെയും പതിനഞ്ചാമത്തെ വയസിൽ അമ്മയെയും നഷ്ടപ്പെട്ടു. പിന്നീടങ്ങോട്ട് സഹോദരിയുടെ തണലിൽ വളർന്നു വന്ന അയ്യപ്പൻ വളരെ ചെറുപ്പത്തിൽ തന്നെ ലഹരിക്കടിമപ്പെട്ടു. അഞ്ചാം വയസ്സിൽ പുകവലിയും പത്താം വയസിൽ മദ്യപാനവും തുടങ്ങി.

 

‘എന്റെ അച്ഛൻ വിഷം കഴിച്ച് മരിച്ചു. അമ്മ ഭ്രൂണഹത്യയിൽ മരിച്ചു. ഞാൻ മരിച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് ആത്മഹത്യ ഇഷ്ടമല്ല..’

 

കഥകൾ എഴുതിയായിരുന്നു അയ്യപ്പൻറെ തുടക്കം. പത്താം ക്ലാസിൽ വെച്ച് ആദ്യ കഥാസമാഹാരം "ഓണക്കാഴ്ച്ച" പുറത്തിറങ്ങി. പിന്നീട് കവിതയിലേക്ക് ചേക്കേറി. ഇരുപത്തൊന്നാം വയസിൽ അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2000ത്തിലകധികം കവിതകൾ അയ്യപ്പന്റേതായി പുറത്തു വന്നിട്ടുണ്ട്.

 

കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു അയ്യപ്പൻ. ആർ സുഗതനും സി അച്യുത മേനോനും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു.

 

എന്റെ കടപ്പാടുകൾ കമ്മ്യൂണിസത്തിലാണ്. ഞാൻ എന്നെങ്കിലും ഉയർത്തെഴുന്നേൽക്കും. ഈ ജീവിതത്തിൽ നിന്ന് അന്ന് വിപ്ലവമുണ്ടാവും. പിന്നീടെപ്പോഴോ കമ്മ്യൂണിസം തകർന്നു കൊണ്ടിരിക്കുകയാണെന്നും പ്രണയത്തിനും കമ്മ്യൂണിസത്തിനും നിലനിൽപ്പില്ലെന്നും അയ്യപ്പൻ ഉറക്കെ പ്രഖ്യാപിച്ചു.

 

ഉപ്പിൽ വിഷം ചേർക്കാത്തവർക്കും ഉണങ്ങാത്ത മുറിവുകളില്‍ വീശിത്തന്നവർക്കും നന്ദി പറഞ്ഞ്, തന്നെ സ്നേഹിച്ച തെരുവിൽ

ആരെ ബുദ്ധിമുട്ടിക്കാതെ മരണത്തെ പുല്‍കുന്നതിനുമുമ്പേ  തന്റെ ശവപ്പെ‌ട്ടി ചുമക്കുന്നവർക്കായി ഒരു രഹസ്യവും അദ്ദേഹം ബാക്കി വെച്ചിരുന്നു.

 

2010 ഒക്ടോബർ 21 ന് തിരുവനന്തപുരത്തെ തമ്പാനൂർ തെരുവിൽ അവശനിലയിൽ കണ്ട അഞ്ജാതനെ പോലീസ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് മരണമടഞ്ഞ ആ അഞ്ജാതനെ പക്ഷേ അപ്പോഴും ആരും തിരിച്ചറിഞ്ഞില്ല. ജനറൽ ആശുപത്രിയുടെ മോർച്ചറിയുടെ തണുപ്പിൽ അനാഥശവമായി കിടന്നത് പ്രേമത്തെയും കലാപത്തെയും ഒരു പോലെ സ്നേഹിച്ച മലയാളിയുടെ ദുരഭിമാനത്തെ തൻറെ തൂലികകൊണ്ടു കീറിമുറിച്ച സ്വാതന്ത്ര്യം ജീവശ്വാസമായി കണ്ട തെരുവിന്റെ കവി അയ്യപ്പനാണെന്നു തിരിച്ചറിയാൻ വീണ്ടും മണിക്കൂറുകളെടുത്തു. മരണത്തിലും നാളെക്കായി ഒരു കവിത ബാക്കി വെച്ചാണ് അയ്യപ്പൻ വിട വാങ്ങിയത്. പല്ല് എന്ന് പേരിട്ടിരുന്ന കവിത കൈ മടക്കിൽ തുണ്ട്കടലാസ്സിൽ സൂക്ഷിച്ച നിലയിൽ കണ്ടെടുക്കുകയായിരുന്നു.

 

ആശാൻ പുരസ്‌കാരം സ്വീകരിക്കാനായി ചെന്നൈയിലേക്ക് പോകാനിരിക്കെയായിരുന്നു മരണം. പുരസ്‌കാര വേദിയിൽ ചൊല്ലാന്‍ കരുതിവെച്ചതായിരുന്നു തുണ്ടു കടലാസിലെ ആ കവിത.

 

സുഹൃത്തെ. മരണത്തിനപ്പുറവും ഞാൻ ജീവിക്കും, അവിടെ ഒരു പൂക്കാലമുണ്ടായിരിക്കും. കവിയും കാമുകനും ഭ്രാന്തനും ഭാവനയുടെ ചാക്കു കെട്ടുകളാണെന്ന് പറഞ്ഞത് വിശ്വ വിഖ്യാതനായ എഴുത്തുകാരൻ വില്യം ഷേക്സ്പിയറാണ്. അയ്യപ്പൻ ഇതെല്ലാമായിരുന്നു. കവിയായി മാത്രം അയാൾ ജീവിച്ചു. മരണം വരെ അലസകാമുകന്റെ വേഷം കെട്ടി ആഘോഷിച്ചു. അതിന്റെ തിരുശേഷിപ്പായ കവിതകള്‍ക്കും കവിക്കും പ്രണാമം.