സഹോദരിയും ഗായികയുമായ അഭിരാമി സുരേഷിന്റെ പിറന്നാൾ ആഘോഷമാക്കി അമൃത സുരേഷും ജീവിതപങ്കാളി ഗോപി സുന്ദറും. വേറിട്ട രീതിയിലുള്ള ആഘോഷമാണ് ഇരുവരും ഒരുക്കിയത്. ആനയും ചെണ്ടമേളവുമൊക്കെയായി ഗംഭീരമായായിരുന്നു ആഘോഷം. അഭിരാമി പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ മനോഹര ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ആനയുടെ മുകളിൽ ‘ഹാപ്പി ബെർത്ത് ഡേ അഭിരാമി’ എന്നെഴുതിയ പോസ്റ്റർ വച്ചത് ആരാധകർക്കു പുത്തൻ കാഴ്ചയാവുകയാണ്. ‘മൂത്ത മകൾക്കു പിറന്നാൾ ആശംസകൾ’ എന്നാണ് ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അമൃതയുടെ മകൾ പാപ്പു എന്ന അവന്തികയും പിറന്നാൾ ആഘോഷത്തിനെത്തിയിരുന്നു.
ഒക്ടോബർ 9നായിരുന്നു അഭിരാമിയുടെ 27ാം ജന്മദിനം. ആഘോഷത്തിന്റെ സ്പെഷൽ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തുന്നത്. പിന്നണി ഗാനശാഖയിലും സ്വതന്ത്ര സംഗീതമേഖലയിലും സജീവമാണ് അഭിരാമി സുരേഷ്. വിശേഷങ്ങളെല്ലാം ഗായിക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.