ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മുന്നിലാണ് ലോകകോടീശ്വരൻ ജെഫ് ബെസോസിന്റെ മുൻഭാര്യ മക്കെൻസി സ്കോട്. ജെഫുമായി വേർപിരിഞ്ഞപ്പോൾ ലഭിച്ച ഓഹരികളിലൂടെ കോടീശ്വരിയായ ഇവർ ഇങ്ങനെലഭിച്ച തുകയിലധികവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മാറ്റിവയ്ക്കുന്നത്. ഇപ്പോഴിതാ തനിക്കുള്ള ആഡംബരവീടും ഇവര്‍ വിട്ടുനല്‍കിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ മാസമാണ് കലിഫോർണിയ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ (ലാഭേച്ഛയില്ലാത്ത ജീവകാരുണ്യ സ്ഥാപനം) 55 മില്യൻ ഡോളർ വിലമതിക്കുന്ന വസതികൾ സ്കോട്ട് ദാനം ചെയ്തതായി അറിയിച്ചത്. ഈ വീടുകൾ വേര്‍പിരിയലിന് മുന്‍പ് സ്കോട്ടിന്റെയും മുൻ ഭർത്താവ് ജെഫ് ബെസോസിന്റെയും ഉടമസ്ഥതയിലായിരുന്നു.
2007ലാണ് ആദ്യത്തെ വീട് വാങ്ങിയത്. 24.45 മില്യൻ ഡോളര്‍ വിലമതിക്കും ഇതിന്. രണ്ട് ഏക്കറിൽ സ്ഥിതി ചെയ്യുന്ന, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ വീട് സ്പാനിഷ് ശൈലിയിലായിരുന്നു. ഏകദേശം 12,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതും ഏഴ് കിടപ്പുമുറികളും ഏഴ് കുളിമുറികളും ചേർന്നതായിരുന്നു ഇവിടം. 2017ലാണ് രണ്ടാമത്തെ വീട് 12.9 മില്യൻ ഡോളറിന് വാങ്ങിയത്. 4,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടായിരുന്നു ഇത്. 2019 ഏപ്രിലിലാണ് ഇരുവരും വേർപിരിഞ്ഞത്.