വരന്റെ സുഹൃത്തുക്കളും വധുവും തമ്മിൽ ഒപ്പിട്ട ഒരു കരാറിന്റെ വാർത്ത ഇപ്പോൾ സൈബർ ലോകത്ത് വൈറലാണ്.തമിഴ്നാട്ടിലെ തേനിയിലാണ് വേറിട്ട ഈ വിവാഹം നടന്നത്. ഞായറാഴ്ചയായിരുന്നു തേനിയിലെ സ്വകാര്യ കോളജ് പ്രൊഫസർ ഹരിപ്രസാദും പൂജയും തമ്മിലുള്ള വിവാഹം. വിവാഹത്തിനു മുൻപ് ഹരിപ്രസാദിന്റെ സുഹൃത്തുക്കൾ പൂജയോട് ഒരു കരാറിൽ ഒപ്പുവയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിനായി ഇരുപതു രൂപയുടെ മുദ്രപ്പത്രവും അവർ പൂജയ്ക്കു നൽകി. എന്നാൽ മുദ്രപ്പത്രത്തിൽ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ പൂജയ്ക്ക് ചിരി അടക്കാനായില്ല. 

 

മുദ്രപ്പത്രത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയായിരുന്നു: ‘പൂജ എന്ന ഞാൻ ശനി, ഞായർ ദിവസങ്ങളിൽ ഹരിപ്രസാദിനെ ക്രിക്കറ്റ് പരിശീലനത്തിനായി സൂപ്പർസ്റ്റാർ ക്രിക്കറ്റ് ടീമിനൊപ്പം അയക്കും.’ പൂജ ഈ മുദ്രപ്പത്രത്തിൽ ഒപ്പുവയ്ക്കുകയും ചെയ്തു. 

 

സൂപ്പർസ്റ്റാർ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ഹരിപ്രസാദ്. വിവാഹത്തിനു ശേഷവും ക്രിക്കറ്റ് കളിക്കുന്നതിൽ ഹരിപ്രസാദിന് തടസമുണ്ടാകരുതെന്ന് സുഹൃത്തുക്കൾ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് സുഹൃത്തുക്കൾ ഇത്തരത്തിൽ ഒരു പദ്ധതി തയാറാക്കിയത്. പൂജ ഒപ്പു വച്ചതോടെ കരാറും കയ്യിൽ പിടിച്ച് നവദമ്പതികൾക്കൊപ്പമുള്ള ചിത്രവും സുഹൃത്തുക്കൾ പങ്കുവച്ചു.