‘എന്താണ് നിങ്ങള് പപ്പടം ചോദിച്ചെന്ന് കേട്ടല്ലോ..നാണ്..., പപ്പട ലഹള നടന്ന വർഷം..’ വിവാഹ സദ്യയ്ക്കിടെ പപ്പടത്തിന് വേണ്ടി കൂട്ടത്തല്ല് നടന്ന വിഡിയോ വൈറലായതോടെ സൈബർ ഇടത്ത് ട്രോളുകളും നിറയുകയാണ്. ഒരു പത്തു കിലോമീറ്റർ ഇങ്ങോട്ട് മാറിയെങ്കിൽ അതും തലയിലായേനെ എന്ന് ആശ്വസിക്കുന്ന െകാല്ലം ജില്ല അടക്കം, പപ്പട പക്ഷം വിശദീകരിക്കാൻ ചാനലിൽ എത്തുന്നവർ അടക്കം ട്രോളുകളിൽ കാണാം. നിസ്സാര കാര്യങ്ങളുടെ പേരിൽ അടുത്തിടെ നടന്ന അക്രമങ്ങൾ എല്ലാം ചേർത്തുവച്ചാണ് ട്രോളൻമാരുടെ വിമർശനം. ചിരിക്കാനും ചിന്തിക്കാനും മരുന്നിടുന്ന ട്രോളുകൾ ഇപ്പോൾ വൈറലാണ്. 

 

ഹരിപ്പാട് മുട്ടത്താണ് വിവാഹസദ്യക്കിടയിൽ പപ്പടം കിട്ടാത്തതിനെ തുടർന്ന്  കൂട്ടത്തല്ല് നടന്നത്. സ്വകാര്യ ഓഡിറ്റോറിയത്തിൽ മുട്ടം സ്വദേശിയായ വധുവിന്റെയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെയും വിവാഹത്തിനിടെയാണ് സംഘർഷമുണ്ടായത്. ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. വരന്റെ സുഹൃത്തുക്കളിൽ ചിലർ  ഭക്ഷണം വിളമ്പുന്നതിനിടയിൽ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടതാണ് തുടക്കം തുടർന്നുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. 

 

സംഘർഷത്തില്‍ ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു. ഓഡിറ്റോറിയം ഓഫീസിലിരുന്ന തനിക്കും മാനേജർക്കും കസേര കൊണ്ട് ഏറ് കിട്ടിയെന്നും 14 സ്റ്റിച്ചുണ്ടെന്നും പരുക്കേറ്റ ഓഡിറ്റോറിയം ഉടമ മുരളീധരൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു. 

 

മുരളീധരന്റെ വാക്കുകൾ ഇങ്ങനെ:  പെൺകുട്ടിയുടെ വീട്ടുകാർ സാമ്പത്തികമായി കുറച്ച് പിന്നോട്ട് നിൽക്കുന്നവരാണ്. പരമാവധി ഡിസ്കൗണ്ട് കൊടുത്താണ് ഓഡിറ്റോറിയം ബുക്ക് ചെയ്തത്. വിവാഹചടങ്ങുകളെല്ലാം നന്നായി നടന്നു. വധുവും വരനും സദ്യ കഴിച്ചു. സദ്യയുടെ അവസാന പന്തി ആയപ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. രണ്ടാമതും പപ്പടം ചോദിച്ചപ്പോള്‍ കിട്ടിയില്ല എന്നതാണ് കാരണം. ഏഴെട്ട് ചെറുപ്പക്കാർ മാത്രമായിരുന്നു കഴിക്കാനുണ്ടായിരുന്നത്. അവരാണ് പപ്പടം ചോദിച്ചത്. 

 

പപ്പടം കിട്ടാത്ത ദേഷ്യത്തിൽ കസേരകള്‍ വലിച്ചെടുത്ത് പരസ്പരം അടിക്കാൻ തുടങ്ങി. സദ്യ ഹാളിന്റെ പ്രധാന ഡോർ തുറന്ന് പുറത്തേക്കിറങ്ങി ആയി പിന്നെ അടി. ഒരു കസേര എടുത്ത് ഇറങ്ങി വരുന്നവരെ ഓരോരുത്തരെ ആയി അടിക്കാൻ തുടങ്ങി. ഞാനും മാനേജറും ഓഫീസിലായിരുന്നു. ഓഫീസിനകത്തേക്കും കസേര എറിയാൻ തുടങ്ങി. എനിക്ക് നല്ല ഒരു അടികൊണ്ടു. സാരമായി പരുക്കുണ്ട്. 14 സ്റ്റിച്ചുകൾ ഉണ്ട്. സംഭവം നടക്കുമ്പോൾ തന്നെ പൊലീസിനെ വിളിച്ചുവരുത്തി. 

 

പൊലീസ് വന്നപ്പോൾ ഞാൻ പറഞ്ഞത് എനിക്കുണ്ടായ നഷ്ടപരിഹാരം ലഭിച്ചാൽ മതി, പരാതി ഇല്ല കേസാക്കണ്ട എന്നാണ്. പക്ഷേ വരന്റെ വീട്ടുകാർ ഇതിന് നഷ്ടപരിഹാരം നൽകാൻ തയ്യാറായില്ല. ഇതോടെ വധുവിന്റെ അച്ഛൻ കേസാക്കാൻ പറഞ്ഞു. കരിയിലക്കുളങ്ങര പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്നലെയാണ് സംഭവം നടക്കുന്നത്. ഓഡിറ്റോറിയത്തിൽ ഇന്നും കല്യാണമുണ്ടായിരുന്നു. നിരവധി കസേരകളും ടേബിളുകളും തകര്‍ന്നു. നേരത്തെ ബുക്ക് ചെയ്തവരല്ലേ. ഇന്നത്തെ കല്യാണത്തിന് എല്ലാം പഴയപടി ഒരുക്കികൊടുക്കണമായിരുന്നു– അദ്ദേഹം പറഞ്ഞു.