ചീങ്കണ്ണിയും ഒരു നഗരത്തിലെ മേയറും തമ്മിലുള്ള വിവാഹത്തിന്റെ ഒരു വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലാകുന്നത്. വിചിത്രമെന്ന് തോന്നാവുന്ന സംഭവം പക്ഷേ സത്യമാണ്. മെക്സിക്കോയിലെ ചെറിയ നഗരമായ ഒക്സാകയിലെ മേയറുടെ വിവാഹ ദൃശ്യങ്ങളാണ് ഇത്. മേയറിന്റെ വധു ഒരു ചീങ്കണ്ണിയാണ്.
സാധാരണ രീതിയിലുള്ള വിവാഹങ്ങൾ പോലെത്തന്നെ ചടങ്ങുകളെല്ലാം ഉണ്ട്. ആർഭാടപൂർവം തന്നെ. പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ഉടുപ്പിച്ച് സമുദായക്കാർ ചേർന്ന് ഘോഷയാത്രയോടെയാണ് വധുവായ ചീങ്കണ്ണിയെ വിവാഹ വേദിയിലേക്ക് ആനയിച്ചത്. ചടങ്ങുകൾക്ക് ശേഷം വധുവായ ചീങ്കണ്ണിയെ മേയർ കയ്യിലെടുച്ച് ചുംബിക്കുന്നതും നൃത്തം ചെയ്യുന്നതും കാണാം. ചീങ്കണ്ണി തിരിച്ചാക്രമിക്കാതിരിക്കാൻ അതിന്റെ വായ കയർ കൊണ്ട് കെട്ടിയിട്ടുമുണ്ട്.
പ്രകൃതിയോടുള്ള ആരാധനയുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു വിവാഹം നടക്കുന്നത്. ഏഴ് വയസ് പ്രായമുള്ള ചീങ്കണ്ണി ദൈവത്തിന്റെ പ്രതിനിധിയാണെന്നാണ് വിശ്വാസം. മനുഷ്യനും ദൈവവും തമ്മിലുള്ള കൂടിച്ചേരലാണ് വിവാഹത്തിൽ കൂടി എന്നാണ് സങ്കൽപ്പം. 'ഞങ്ങൾ പ്രകൃതിയോട് ആവശ്യത്തിന് മഴയും ആവശ്യത്തിന് ഭക്ഷണവും ചോദിച്ചു, നദിയിൽ ആവശ്യത്തിന് മീനുകൾ ഉണ്ട്'. മേയർ സോസ പറഞ്ഞു.