
വനംവകുപ്പിന്റെ പരിചരണയിൽ വളർന്ന കടുവക്കുഞ്ഞിനെ തമിഴ്നാട് വനംവകുപ്പ് ഇരുമ്പുകൂട്ടിലേക്കു മാറ്റി. 9 മാസം പ്രായമുള്ള കടുവ 8 മാസമായി വനംവകുപ്പിന്റെ പരിചരണത്തിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 28ന് മുത്ത്മുടി എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ നിന്നാണു മാനാമ്പള്ളി റേഞ്ച് ഉദ്യോഗസ്ഥർ പരുക്കേറ്റ നിലയിൽ കടുവക്കുഞ്ഞിനെ കണ്ടെത്തിയത്.
കടുവയുടെ ദേഹത്തു മുള്ളൻപന്നിയുടെ മുള്ളുകളും കണ്ടെത്തിയിരുന്നു. കടുവയെ ഉടൻ അയ്യർപാടിയിലുള്ള വനംവകുപ്പിന്റെ റെസ്‌ക്യൂ സെന്ററിലേക്കു മാറ്റി. ഫീൽഡ് ഡയറക്ടർ രാമസുബ്രഹ്മണ്യത്തിന്റെയും ഡിഎഫ്ഒ അശോകന്റെയും നിർദേശപ്രകാരം റേഞ്ച് ഓഫിസർ മണികണ്ഠന്റെ നേതൃത്വത്തിൽ വനം വകുപ്പിലെ മൃഗഡോക്ടറെ വരുത്തി ചികിത്സ തുടങ്ങി. ദിവസങ്ങൾക്കകം കടുവ ഭക്ഷണം കഴിക്കാൻ തുടങ്ങി. സന്ദർശകരുടെ വരവു കൂടിയതോടെ കടുവയെ മാനാമ്പള്ളി വനത്തിൽ പ്രത്യേകം ഒരുക്കിയ കൂട്ടിലേക്കു മാറ്റി.
പിന്നീട്, 75 ലക്ഷം രൂപ ചെലവിൽ ഇരുമ്പുകൊണ്ടു കൂട് നിർമിച്ചു. ഇന്നലെ കടുവയെ ഈ കൂട്ടിലേക്കു മാറ്റി. തമിഴ്നാട്ടിൽ കടുവയ്ക്കു വേണ്ടി ഇത്തരമൊരു പദ്ധതി ആദ്യമായാണെന്നും ഈ കൂട്ടിൽ വേട്ടയാടൽ പഠിക്കാൻ സാധിക്കുമെന്നും ആനമല കടുവ സംരക്ഷണ ഫീൽഡ് ഡയറക്ടർ രാമസുബ്രഹ്മണ്യൻ പറഞ്ഞു. കൂടിനു ചുറ്റും നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.