പത്തനംതിട്ട: എന്റെ കേരളം മേളയിൽ കലക്ടറുടെ ഗുസ്തി. ജില്ല ഭരിക്കാന്‍ മാത്രമല്ല വേണ്ടി വന്നാല്‍ ഒരു കൈ നോക്കാനും തനിക്കറിയാമെന്നു തെളിയിക്കുന്നതായിരുന്നു ജില്ലാ കലക്ടർ ഡോ.ദിവ്യ എസ്.അയ്യരുടെ പ്രകടനം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പൊലീസ് വകുപ്പിന്റെ സ്വയംപ്രതിരോധത്തിനു സ്ത്രീകള്‍ക്കു പരിശീലനം നല്‍കുന്ന സ്റ്റാളുണ്ട്. അതു സന്ദർശിക്കുന്നതിനിടയിലാണു വനിതാ പൊലീസുകാർ കലക്ടറെ സ്വയ രക്ഷയ്ക്കുള്ള വിദ്യകൾ പഠിപ്പിച്ചത്.
എന്നാല്‍, വിദഗ്ദ്ധ പരിശീലനം സിദ്ധിച്ചവരെ പോലെയുള്ള കലക്ടറിന്റെ പ്രകടനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ വനിതാ പൊലീസുദ്യോഗസ്ഥര്‍ ഞെട്ടി. കണ്ടു നിന്നവരാകട്ടെ നിറഞ്ഞ കയ്യടികളോടെയാണു കലക്ടറെ അഭിനന്ദിച്ചത്. വനിതാസെല്‍ ഇന്‍സ്‌പെക്ടര്‍ എസ്.ഉദയമ്മയുടെ നേതൃത്വത്തില്‍ സിന്‍സി പി. അസീസ്, കെ.എന്‍. ഉഷ, ബി.ലേഖ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.