shawarma-death

കേരളത്തിൽ ഷവർമ്മ കഴിച്ചുള്ള ആദ്യ മരണം നടന്നിട്ട് ഈ ജൂണിൽ 10 വർഷമാകും. 2012ലാണ് ഷവർമ്മ കഴിച്ചുള്ള ഭഷ്യവിഷബാധയേറ്റ് യുവാവ് മരിക്കുന്നത്. ഈ അവസരത്തിൽ വീണ്ടും കേരളത്തിന് ഞെട്ടലുണ്ടാക്കുകയാണ് കാസർകോട് നിന്നുള്ള ഷവർമ്മ കഴിച്ചുള്ള മരണവാർത്ത. 

 

തിരുവനന്തപുരം സ്വദേശി സച്ചിൻ റോയിയാണ്  ഷവർമ്മ കഴിച്ചുള്ള ഭഷ്യവിഷബാധയുടെ ആദ്യ ഇര. 2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജിലാണ് സച്ചിൻ റോയ് എന്ന് 21 വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി.  ബംഗ്ലൂരുവിലേക്ക് ബസ് കയറുന്നതിന് മുൻപാണ് സച്ചിൻ വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങുന്നത്. അന്ന് രാത്രി വീട്ടുകാരോട് വയറിന് സുഖമില്ലെന്ന് അറിയിച്ചിരുന്നു. പിറ്റേദിവസമാണ് സച്ചിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ കഴിച്ച മറ്റ് 10 പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നാണ് അന്വേഷണത്തിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിട്ടത്. അന്വേഷണത്തിൽ ഹോട്ടലിൽ ഉപയോഗിക്കുന്നത് പഴയ ഇറച്ചിയാണെന്ന് കണ്ടെത്തുകയും ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും കേസ് പൂർത്തിയായിട്ടില്ല.

 

കഴിഞ്ഞവർഷം കൊച്ചിയിലും ഷവർമ്മ കഴിച്ച എട്ടോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഭാഗ്യവശാൽ ആർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നില്ല. തിരുവനന്തപുരത്തെ മരണത്തിന് ശേഷം പഴകിയ ഇറച്ചി ഉപയോഗിച്ച് ഷവർമ്മ ഉണ്ടാക്കുന്നതിന് അറുതിവന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആവർത്തിക്കുന്ന മരണവും ഭക്ഷ്യവിഷബാധയും ചൂണ്ടി കാട്ടുന്നത് ഷവർമ്മ ഉണ്ടാക്കുന്നതിലെ പിഴയാണ്. 

 

കാസർകോട് സ്വദേശി ദേവനന്ദയാണ് ഷവർമ്മ കഴിച്ചുള്ള മരണത്തിന്റെ ഏറ്റവും പുതിയ ഇര. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ കടയിൽ നിന്നു ദേവനന്ദ സുഹൃത്തുക്കൾക്കൊപ്പം ഷവർമ കഴിച്ചിരുന്നു. ഇന്നലെ രാവിലെ ഇവരിൽ പലർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. ഇവരെ ചെറുവത്തൂർ ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ദേവനന്ദയെ രക്ഷിക്കാനായില്ല. വിദ്യാർഥികളടക്കം 34 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.