shajith-smitha

ഒരേ വിഭാഗത്തില്‍ രണ്ട് ചായക്കൂട്ടൊരുക്കി ഒടുവില്‍ ഒരേ വീട്ടിലേക്ക് തന്നെ സമ്മാനവും നേടി. ജീവിതത്തിലും കലയിലും അവര്‍ ഒന്നായി അലിയുന്നു. ഇതാണ് ലളിതകലാ അക്കാദമി പുരസ്കാരം ലഭിച്ച സ്മിത എം ബാബു, ആർ.ബി. ഷജിത്ത് ദമ്പതികളുടെ വിജയം. ആ സ്വപ്നയാത്രയെക്കുറിച്ച് അവര്‍ മനോരമന്യൂസിനോട് പറയുന്നു.

 

'അതൊരു സസ്പെന്‍സാക്കിവച്ചിരുന്നു. ഞങ്ങള്‍ ദമ്പതികളാണെന്ന് പട്ടിക വന്നശേഷമാണ് ബന്ധപ്പെട്ടവരും അറിഞ്ഞത്. അവാര്‍ഡ് തന്നവര്‍ക്കും ഞങ്ങള്‍ക്കും വലിയൊരു സര്‍പ്രൈസായിരുന്നു. 2001–2005ലായിരുന്നു ഞങ്ങളുടെ പഠനസമയം. അവിടെ തുടങ്ങിയതാണിത്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ ഒരുമിച്ച് പഠിച്ചു. ഞങ്ങളൊരുമിച്ച് നാടകവും ചെയ്തിട്ടുണ്ട്. 50ാമത്തെ സ്റ്റേറ്റ് അവാര്‍ഡിണിത്. വെയ്റ്റിങ് എന്ന (കാത്തിരിപ്പ്) സീരിസിലെ ‘എവെയ്റ്റ്’ ചിത്രമാണ് ഷജിത്ത് വരച്ചത്. തിയറ്ററുമായി ബന്ധപ്പെട്ട് ‘ആഡ് ഐ മെമ്മറി’ ആണ് സ്മിത തയ്യാറാക്കിയത്. ഷജിത്തിനു മൂന്നാം തവണയാണ് അക്കാദമി പുരസ്കാരം ലഭിക്കുന്നത്. എന്നാല്‍ എനിക്ക് ഇതാദ്യമായാണ് ഇത്തരത്തിലൊരു പുരസ്കാരം ലഭിക്കുന്നത്. മന്ത്രി സജി ചെറിയാനാണ് പ്രധാന പുരസ്കാരം നല്‍കിയത്. കോവിഡിന് ശേഷം നാടകങ്ങള്‍ വീണ്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. ഇതിനിടെ ഒരുമിച്ച് 'തീണ്ടാരിപ്പച്ച' എന്ന നാടകത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. ശ്രീജിത്ത് രമണനാണ് സംവിധാനം. പത്രണ്ട് സ്ത്രീകള്‍ മാത്രമുള്ള കഥയാണിത്. ഇത്തരത്തില്‍ ആസ്വാദത്തിന് പ്രസക്തി ഏറുകയാണിപ്പോഴും. പണ്ടത്തെ പോലെയല്ല ഇപ്പോള്‍ ഒത്തിരി ആളുകളാണ് നാടകം ആസ്വദിക്കാനെത്തുന്നത്. അത്തരത്തില്‍ ആസ്വാദകരുടെയും കാഴ്ചപ്പാടുകള്‍ മാറുന്നു. വീട്ടിലിരുന്നുള്ള മടുപ്പ് മാറിയപ്പോള്‍ തന്നെ പുറത്തിറങ്ങിതിന്‍റെ ആവേശത്തില്‍ ഇതും ജനങ്ങള്‍ ആസ്വദിക്കുന്നു'– അവര്‍ പറഞ്ഞു. 

 

അഭിനേത്രിയും നർത്തകിയുമായ സ്മിത സ്പെഷൽ സ്കൂൾ അധ്യാപികയും കലാകേന്ദ്രം വനിതാവേദി പ്രസിഡന്റുമാണ്. കലാകേന്ദ്രം നാടകങ്ങളായ ചെയേഴ്സ്, ഛായാമുഖി, ഏകാന്തം, തീണ്ടാരിപ്പച്ച തുടങ്ങിയ നാടകങ്ങളിൽ പ്രധാനവേഷങ്ങൾ ചെയ്തിട്ടുണ്ട്. കലാസ്വാദകര്‍ക്കു മുന്നിലേക്ക് പുതുചരിത്രം കുറിച്ചുകൊണ്ടാണ് ഷജിത്തും സ്മിതിയുമെത്തുന്നത്.