ലോഹത്തകിടില്‍ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ മുപ്പതടി വലുപ്പമുള്ള മാതൃക തയാറാക്കി അധ്യാപകരും വിദ്യാര്‍ഥികളും. ആയിരം കിലോ ഭാരമുള്ള റോക്കറ്റ് ശില്‍പ്പത്തിനൊപ്പം തന്നെ ചന്ദ്രയാന്‍ മാതൃകയും ഒരുങ്ങിയിട്ടുണ്ട്. തിരുവനന്തപുരം മാധവവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍ പരിസരത്താണ് ശില്‍പം ഒരുക്കിയത്.
യഥാര്‍ഥ ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റിന്റെ അഞ്ചിലൊന്ന് ഭാരം.മുപ്പതടി ഉയരത്തില്‍ ലോഹത്തകിടില്‍ നിര്‍മിച്ച റോക്കറ്റ് ശില്‍പ്പത്തിനൊപ്പം തന്നെ മൂന്ന് ലക്ഷം രൂപയിലധികം ചെലവാക്കി നിര്‍മച്ച ചന്ദ്രയാന്‍ മാതൃക.വിദ്യാര്‍ഥികളില്‍ ശാസ്ത്ര ചിന്തയുണ്ടാക്കുക ബഹിരാകാശ ശാസ്ത്രത്തോടുള്ള താല്‍പ്പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പ്പമെരുങ്ങിയത്.സ്കൂള്‍ മാനേജറായ കെ. മോഹന്‍ കുമാര്‍ ചന്ദ്രയാന്‍ മാതൃക നിര്‍മിക്കുന്നതിനുള്ള ആശയം മുന്നോട്ട് വെച്ചപ്പോള്‍ സ്കൂളിലെ ചിത്രകലാധ്യാപകനായ യു.സുബാഷ് ശില്‍പനിര്‍മാണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
അറിവിനും ആസ്വാദനത്തിനും വഴിയൊരുക്കുന്ന ശില്‍പം മാധവവിലാസം സ്കൂളിലെ കുട്ടികള്‍ക്ക് വേണ്ടി മാത്രമല്ല.മറ്റ് സ്കൂളിലെ കുട്ടികള്‍ക്കും കാണുന്നതിനുള്ള സൗകര്യമൊരുങ്ങും. കേരളത്തില്‍ ആദ്യമായാണ് ഒരു വിദ്യാലയത്തില്‍ ഇത്ര വലിയൊരു ശില്‍പം നിര്‍മിച്ചിരിക്കുന്നത്.ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായരാണ് മാതൃക ശില്‍പ്പത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.