dowryn

സ്ത്രീധനം നൽകുന്നതും വാങ്ങുന്നതും ഇതു സംബന്ധിക്കുന്ന പ്രശ്നങ്ങളുമൊക്കെയാണ് സാധാരണ വാർത്തയും ചർച്ചയുമൊക്കെയാകുന്നത്.  എന്നാൽ സ്ത്രീധന സമ്പ്രദായത്തിന്റെ തന്നെ ‘ഗുണങ്ങളും നേട്ടങ്ങളും’ പട്ടികപ്പെടുത്തുന്ന ഒരു പുസ്തകത്തിലെ പേജിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടി.കെ.ഇന്ദ്രാണിയുടെ നഴ്‌സുമാർക്കായുള്ള സോഷ്യോളജി പാഠപുസ്തകത്തിൽ നിന്നുള്ളതാണെന്ന് വിവാദമായ ഭാഗമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘സ്ത്രീധനത്തിന്റെ ഗുണഫലങ്ങൾ’ എന്ന തലക്കെട്ടിലാണ് ഇത് വിശദീ‌കരിച്ചിരിക്കുന്നത്. നഴ്‌സിംഗ് വിദ്യാർത്ഥികൾക്കുള്ള വായനാ സാമഗ്രിയാണ് ഈ പുസ്തകം. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ സിലബസ് അനുസരിച്ചാണ് പുസ്തകമെന്ന് പുറംചട്ടയിൽ പറയുന്നുമുണ്ട്.

 

ഫർണിച്ചറുകൾ, റഫ്രിജറേറ്ററുകൾ, വാഹനങ്ങൾ തുടങ്ങിയ വീട്ടുപകരണങ്ങൾ ലഭിക്കുന്നതിനും പുതിയ കുടുംബം സ്ഥാപിക്കുന്നതിനും സ്ത്രീധനം സഹായകമാണ് എന്ന് പുസ്തകത്തിൽ നിന്നുള്ള ഭാഗം പറയുന്നു. സ്ത്രീധനം വഴി രക്ഷാകർത്താക്കളുടെ സ്വത്തിൽ ഒരു വിഹിതം പെൺകുട്ടികളിലേക്ക് എത്തിച്ചേരുന്നെന്നും പിന്തിരിപ്പൻ ‌ഇതിൽ പറയുന്നു. മാതാപിതാക്കൾ അവരുടെ പെൺകുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയതിനു പിന്നിലും സ്ത്രീധനമാണെന്നാണ് പരാമർശം. പഠിച്ച കുട്ടികൾക്ക് സ്ത്രീധനം കുറച്ച് നൽകിയാൽ മതിയെന്നും സ്ത്രീധന സമ്പ്രദായത്തിന്റെ ഒരു പരോക്ഷ നേട്ടമായി ഇതിൽ പറയുന്നത്. പേജിലെ അവസാന പോയിന്റ് പറയുന്നത് സ്ത്രീധന സമ്പ്രദായം കാഴ്ചയ്ക്ക് ഭംഗിയില്ലാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാൻ സഹായിക്കുമെന്നാണ്.

 

പേജിന്റെ ചിത്രം പങ്കിട്ട സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ശിവസേന നേതാവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുർവേദിയും ഉൾപ്പെടുന്നു, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോട് ഇത്തരം പുസ്തകങ്ങൾ പ്രചാരത്തിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതിനോടൊപ്പം പാഠ്യപദ്ധതിയിൽ ഇത്തരം ഭാഗങ്ങൾ നാണക്കേടാണ് എന്ന് അടിവരയിടുകയും ചെയ്തു. സ്ര്തീധനത്തിനെതിരെ നിയമങ്ങളുള്ള രാജ്യത്ത് ഇത്തരമൊരു പുസ്തകം പാഠ്യ പദ്ധതിയുടെ ഭാഗമായതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.