തിരുവനന്തപുരം: കോടതികളിലെ ക്രോസ് വിസ്താരത്തിൽ പതറാതെ, തെളിവുകളുടെ പിൻബലത്തിൽ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിയായിരുന്നു അന്തരിച്ച ഫൊറൻസിക് വിദഗ്ധ ഡോ.പി.രമ. അഭയ കേസ് ഉൾപ്പെടെ പല കേസുകളിലും പ്രോസിക്യൂഷനു വേണ്ടി തെളിവുകൾ നിരത്തിയതു രമ ആയിരുന്നു. എന്നാൽ കേസ് സംബന്ധിച്ച കാര്യങ്ങൾ തന്നോടു പോലും ചർച്ച ചെയ്തിരുന്നില്ലെന്നു രമയുടെ ഭർത്താവ് നടൻ ജഗദീഷ് പറയുന്നു. അതു കൊണ്ടു തന്നെ ഏതൊക്കെ കേസുകളിൽ അവർ പ്രധാന പങ്ക് വഹിച്ചുവെന്നു ചോദിച്ചാൽ പെട്ടെന്നു പറയാൻ കഴിയില്ല.
കൊലക്കേസുകളിൽ മരണ കാരണം പോലുള്ള പ്രധാന വിവരങ്ങൾ തന്നോടു കൃത്യമായി പറഞ്ഞിട്ടില്ല. തന്നെക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാവുന്നത് ഈ കേസുകൾ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും വാദിച്ച അഭിഭാഷകർക്കും ആണെന്ന് ജഗദീഷ് പറഞ്ഞു. പുരുഷൻമാരുടെ കുത്തകയായിരുന്ന ഫൊറൻസിക് മേഖലയിലേക്ക് 1985ൽ ആണ് ഡോ.രമ എത്തിയത്.വിരലിൽ എണ്ണാവുന്ന വനിതകൾ മാത്രമാണ് അന്ന് ഈ രംഗത്ത് ഉണ്ടായിരുന്നത്.സർവീസിലെ ഏറിയ കാലവും തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ജോലി ചെയ്തത്. അവരുടെ ശാസ്ത്രീയ കണ്ടെത്തലുകളും ഉറച്ച നിലപാടുകളും കോടതികളുടെ പ്രശംസ നേടിയിരുന്നു.
ഓരോ കേസും കൃത്യമായി പഠിച്ചാണ് കോടതിയിൽ എത്തിയിരുന്നത്. ഇത് അഭിഭാഷകർക്കു നൽകിയ ആത്മവിശ്വാസം ചെറുതല്ല.പല കേസുകളിലും ഡോ.രമയുടെ കണ്ടെത്തലുകൾ നിർണായകമായി. വർക്കല സലിം കൊലക്കേസിൽ പൊലീസിനെ സഹായിച്ചതു രമയുടെ കണ്ടെത്തലാണ്. സലീമിനെ കഷണങ്ങളായി വെട്ടി നുറുക്കി ഉപേക്ഷിച്ച കേസിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ രമയുടെ റിപ്പോർട്ടുകൾ സഹായിച്ചു. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത് രമയുടെ കണ്ടെത്തലുകൾ ആയിരുന്നു.അക്കു എന്ന യുവാവിന്റെ കൊലപാതകമാണ് മറ്റൊരു കേസ്.
അക്കു കൊല്ലപ്പെട്ടത് ട്രെയിൻ തട്ടിയല്ലെന്നും തലയ്ക്കേറ്റ അടി കാരണമാണെന്നും രമ കണ്ടെത്തി. സ്പിരിറ്റ് മാഫിയ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്കു നയിച്ചത്. മേരിക്കുട്ടി കൊലക്കേസ് തെളിഞ്ഞതും രമയുടെ ഫൊറൻസിക് വൈദഗ്ധ്യത്തിലൂടെയാണ്. അഭയ കേസിലെ പ്രതി സിസ്റ്റർ സ്റ്റെഫിയെ അറസ്റ്റ് ചെയ്തു മെഡിക്കൽ പരിശോധനയ്ക്കു ഹാജരാക്കിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പൊലീസ് സർജനായിരുന്ന രമയുടെ കണ്ടെത്തലുകൾ കേസിൽ നിർണായകമായി.
അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചപ്പോൾ പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ഡോ.രമയുടെ വീട്ടിലെത്തിയാണ് മജിസ്ട്രേട്ട് മൊഴിയെടുത്തത്. അസുഖത്തെ തുടർന്നു വീട്ടിൽ കഴിയുകയായിരുന്നു രമ.പ്രോസിക്യൂഷന് എന്നും കരുത്തായിരുന്നു ഡോ.രമയുടെ റിപ്പോർട്ടുകൾ എന്ന് ഹൈക്കോടതിയിലെ അഭിഭാഷകനായ അജിത് കുമാർ ഫെയ്സ് ബുക് കുറിപ്പിൽ അനുസ്മരിക്കുന്നു.ഏതാനും കൊലക്കേസുകളിൽ ഫൊറൻസിക് വിദഗ്ധ എന്ന നിലയിൽ സാക്ഷിയായി താൻ അവരെ കണ്ടിട്ടുണ്ട്. വളരെ അർപ്പണബോധമുള്ള ഫൊറൻസിക് വിദഗ്ധയായിരുന്നു അവർ. കോടതിയിൽ ഹാജരാകുന്നതിനു മുൻപ് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിക്കും. അവരുടെ തെളിവുകൾ ഖണ്ഡിക്കുക എളുപ്പമല്ലായിരുന്നു.
എല്ലായ്പ്പോഴും അവർ പ്രോസിക്യൂഷന് ഒപ്പം നിന്നു. പ്രോസിക്യൂഷന്റെ കേസ് ദുർബലമാകാതെ നോക്കേണ്ടതു ഫൊറൻസിക് വിദഗ്ധരുടെ കടമ ആണെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് അവർ തെളിവുകൾ ഹാജരാക്കിയത്.വിചാരണക്കോടതിയിലെ ജഡ്ജിമാർ ഡോ.രമയുടെ തെളിവുകൾക്കു വലിയ മതിപ്പ് നൽകിയിരുന്നു. ആത്മാർഥതയും പ്രഫഷനൽ മികവും ഒരേ പോലെ ഒത്തിണങ്ങിയ വനിത ആയിരുന്നു അവർ. അഭയ കേസിൽ അവർ ഒരുപാട് വിമർശനങ്ങൾ നേരിട്ടു. വിചാരണ ആരംഭിച്ചപ്പോൾ സാക്ഷിയായി ഹാജരാകാൻ വിധി അനുവദിച്ചില്ല. പക്ഷേ, അവരുടെ റിപ്പോർട്ട്, മറ്റൊരു ഡോക്ടർ മുഖാന്തരം കോടതി സ്വീകരിച്ചുവെന്നും അജിത് കുമാർ ചൂണ്ടിക്കാട്ടി.