arun-gopi-director

കേരളം ഇന്ന് ഉണർന്നത് പൊള്ളുന്ന ദുഖവുമായിട്ടായിരുന്നു. വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചെന്ന വാർത്ത നടുക്കമുളവാക്കി. മരണപ്പെട്ട കുടുംബത്തെ വ്യക്തിപരമായി അറിയാവുന്നതായിരുന്നുവെന്നും വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സംവിധായകൻ അരുൺ ഗോപി. ‘എന്റെ സ്വന്തം നാട്ടിൽ എനിക്കേറെ അടുപ്പുമുള്ള ഒരു കുടുംബം. 5 പേരാണ് മരണപ്പെട്ടത്. വിശ്വസിക്കാൻ പോലും പറ്റുന്നില്ല.’–അരുൺ ഗോപി പറയുന്നു.

 

‘രാവിലെ ഏറെ ദുഃഖകരമായ ഒരു വാർത്തയുമായി ആണ് ഉണർന്നത്. എന്റെ സ്വന്തം നാട്ടിൽ എനിക്കേറെ അടുപ്പുമുള്ള ഒരു കുടുംബം. 5 പേരാണ് മരണപ്പെട്ടത്! വിശ്വസിക്കാൻ പോലും പറ്റുന്നില്ല. ശ്രീ യേശുദാസിനെ ദൈവ തുല്യമായി കണ്ടു സിനിമയെ വളരെയേറെ സ്നേഹിച്ച പ്രിയ ബേബി അണ്ണന്റെയും കുടുംബത്തിന്റെയും നിര്യാണത്തിൽ വേദനയോടെ ആദരാഞ്ജലികൾ!! ഒരു ചിരിയോടെ മാത്രം കാണാറുള്ള ആ മുഖം മായുന്നതേ ഇല്ല.’–അരുൺ ഗോപി കുറിച്ചു.

 

ചൊവ്വാഴ്ച പുലർച്ചെ 1.45നാണ് സംഭവം. വർക്കല ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), മരുമകൾ അഭിരാമി (25), ഇളയമകൻ അഹിൽ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്ത മകൻ നിഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപവാസികളാണ് വിവരം അഗ്നിശരക്ഷാസേനയെ അറിയിച്ചത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കാണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. അവിടെ നിന്ന് ഇരുനില വീട്ടിലേക്ക് തീപടരുകയായിരുന്നു.