globe-master

ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും നിമിഷങ്ങൾ. റഷ്യ– യുക്രെയ്ന്‍ യുദ്ധം ഇന്ത്യയുടെയും ഉറക്കം കെടുത്തുകയാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട വാര്‍ത്ത രാജ്യത്തെയാകെ നടുക്കുന്നു. ഇതിനിടെ,  ആശ്വാസമായി ഒരു വാർത്ത. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനായി വ്യോമസേനയുടെ കൂറ്റൻ വിമാനമായ ഗ്ലോബ് മാസ്റ്റർ ഉടൻ പറന്നിറങ്ങും.  

ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഊർജിത ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏറെ ആശ്വാസകരമായ ഈ വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യൻ വ്യോമസേനയോട് ഓപ്പറേഷൻ ഗംഗയിൽ ഭാഗമാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ വ്യോമസേനയുടെ അഭിമാനങ്ങളിലൊന്നായ സി–17 ഗ്ലോബ് മാസ്റ്ററിനെ രക്ഷാപ്രവർത്തന രംഗത്തേക്ക് ഇറക്കുകയാണ് കേന്ദ്രസർക്കാർ. 

എന്താണ് ഗ്ലോബ് മാസ്റ്റർ..?

രക്ഷാദൗത്യങ്ങളിൽ പ്രധാന പങ്കു വഹിക്കാൻ സാധിക്കുന്ന വിമാനങ്ങളിലൊന്നാണ് ഗ്ലോബ് മാസ്റ്റർ‌. ഇന്ന് മുതൽ തന്നെ നിരവധി സി–17 വിമാനങ്ങൾ വിന്യസിക്കുമെന്നാണ് വ്യോമസേനയിൽ നിന്നുള്ള വിവരം. ഗ്ലോബ് മാസ്റ്റർ വ്യോമസേനയുടെ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളാണ്. അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം ഗ്ലോബ് മാസ്റ്റർ വിമാനങ്ങളുള്ള രാജ്യം ഇന്ത്യയാണ്. 11  എണ്ണമാണ് രാജ്യത്തിനുള്ളത്. ഗാസിയാബാദിലാകും ഗ്ലോബ് മാസ്റ്റർ വിമാനങ്ങൾ പറന്നിറങ്ങുക. അടിയന്തര ഘട്ടത്തിൽ ഏറ്റവും അധികം ആളുകളെ ഉൾക്കൊള്ളിക്കാനുള്ള ശേഷി. ഒരേസമയം 2 ഹെലികോപ്റ്റർ, ടാങ്ക്, ആയുധങ്ങൾ, 102 പട്ടാളക്കാർ എന്നിവ ഗ്ലോബ് മാസ്റ്ററിന് വഹിക്കാൻ സാധിക്കും. ‌320ഓളം പേരെ ദുരന്തമുഖങ്ങളിൽ നിന്ന് രക്ഷിച്ച് പറക്കാനുള്ള ശേഷിയും ഈ കൂറ്റൻ വിമാനത്തിനുണ്ട്. ഇതിന് മുമ്പ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ നടത്തിയ രക്ഷാദൗത്യത്തിൽ ഗ്ലോബ് മാസ്റ്റർ ഉപയോഗിച്ചിരുന്നു. അന്ന് 826 പേരെ വഹിച്ചാണ് കൂറ്റൻ വിമാനം പറന്നുയർന്നത്. 

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ലോകത്തെവിടെയും ലാൻഡ് ചെയ്യാന്‍ ഈ വിമാനത്തിന് സാധിക്കും. കഠിനമായ ഭൂപ്രദേശങ്ങളിലുള്ള ചെറിയ എയർഫീൽഡുകളിലേക്ക് വലിയ ഉപകരണങ്ങളും സാധനങ്ങളും സൈനികരെയും നേരിട്ട് കൊണ്ടുപോകാനുള്ള കഴിവ്, 1990 മുതൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി ഗ്ലോബ് മാസ്റ്റർ വിമാനങ്ങളുണ്ട്.

കീവ്, ഖാർകിവ്, ഒഡെസ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം. രാജ്യത്തിന്റെ പൗരന്‍മാരെ യുദ്ധമുഖത്ത് നിന്ന് പൊക്കിയെടുക്കാന്‍ ഗ്ലോബ് മാസ്റ്റര്‍ പറക്കുകയാണ്. ഒരുപാട് ജീവിതങ്ങളുടെ പ്രതീക്ഷകളുമായി.