ചില സിനിമകളിലെ കഥകളും കഥാപാത്രങ്ങളും മറന്നാലും വാഹനങ്ങൾ മനസിൽ തങ്ങി നിൽക്കും. സിനിമയിെല ആ വാഹനം ഒരു കഥാപാത്രമായി തന്നെ നമ്മുടെ മനസിൽ സഞ്ചരിച്ചു കൊണ്ടിരിക്കും. സ്ഫടികത്തിലെ ലോറി, പറക്കും തളികയിലെ താമരാക്ഷൻ പിള്ള ബസ്, വരവേൽപ്പിലെ ബസ്, അനിയത്തി പ്രാവിലെ സ്പ്ലെൻഡർ ബൈക്ക് തുടങ്ങിയ ഉദാഹരണങ്ങൾ മാത്രം. അതു പോലെ തന്നെ മനസിൽ തങ്ങുന്ന ഒരു വാഹനമാണ് സൂപ്പർഹിറ്റായ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ മാതാജെറ്റ് ബസ്.
യഥാർഥത്തിൽ ചാലക്കുടി– അതിരപ്പിള്ളി–പുളിയിലപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ബസായിരുന്നു മാതാജെറ്റ്. ചാലക്കുടിക്കാരുടെ മാത്രമല്ല, സിനിമയിലൂടെ പ്രേക്ഷകരുടെയാകെ മാതാജെറ്റായി മാറിയ ബസിന്റെ ഇന്നത്തെ അവസ്ഥയുടെ ചിത്രം സമൂഹമാധ്യങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ്. മാതാജറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ വിഷമമുണ്ടെന്നും താരം പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ചാലക്കുടി-അതിരപ്പിള്ളി-പുളിയിലപ്പാറ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ചാലക്കുടിക്കാരുടെ സ്വന്തം ‘മാതാ ജെറ്റ്’. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയിൽ ഭാഗമായി, സിനിമയിലെ ജെയ്സൻ പറയുന്ന "സസ്‌പെൻഷൻ പോരാ... തല്ലിപ്പൊളി വണ്ടിയാണ്... മാതാ ജെറ്റ് വിളിക്കായിരുന്നു" എന്ന ഹിറ്റ് ഫെയിമായ ബസ്... മാതാ ജെറ്റിന്റെ ഡ്രൈവറായി. ഞാനും... ഒന്നു മിന്നിയാരുന്നു.....
എന്നാൽ കോവിഡിന്റെ വരവോട് കൂടി എല്ലാം തകർന്നു. ഓട്ടം അവസാനിപ്പിച്ചു ഏഴാറ്റുമുഖത്ത് റോഡ് സൈഡിൽ ആർക്കും വേണ്ടാതെ മഴയും വെയിലും കൊണ്ട് കിടക്കുന്ന മാതാ ജെറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ ചെറിയൊരു വിഷമം.