മലയിറങ്ങി വന്ന ബാബുവിനു മുത്തം നൽകും മുൻപ് ഒരു ‘കുഞ്ഞടിയാണ്’ ഉമ്മ റഷീദ കൊടുത്തത്. മലകയറിയതിന്റെ വേദനയൊക്കെ മാറിയാൽ ഇതിലും വലുതു നിനക്കു വച്ചിട്ടുണ്ടെന്നാണ് ഉമ്മയുടെ ‘ഭീഷണി’. പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിടുക്കിൽ തിരിച്ചുവരവിനെക്കുറിച്ച് ഉറപ്പില്ലാതെ രാവും പകലും കഴിഞ്ഞ സമയത്തെല്ലാം ‘ഉമ്മാന്റെ മുഖം’ മാത്രമായിരുന്നു മനസ്സിലെന്ന, ചെറാട് ആർ. ബാബുവിന്റെ വാക്കുകളിൽ ആ പിണക്കം മായുന്നു.

 

‘എന്നാലും എന്റെ ബാബുവേ, ചില്ലറ തീയൊന്നുമല്ലല്ലോ നീ എന്നെ തീറ്റിച്ചത്’ എന്ന് ഉമ്മ ചോദിക്കുന്നു. പാറയിടുക്കിൽ വീണ ബാബു രണ്ടു രാത്രിയും രണ്ടു പകലും അവിടെ കുടുങ്ങിക്കിടക്കുമ്പോൾ അടിവാരത്തു കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു റഷീദ. എങ്ങനെ കരയാതിരിക്കും? കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മൂളിപ്പാട്ടും പാടി പത്രവിതരണത്തിനു പോയ ബാബുവിനെ മൂന്നാംപക്കം മലയുടെ മുകളിൽനിന്നു പട്ടാളക്കാരാണു രക്ഷിച്ചു റഷീദയുടെ മുന്നിലെത്തിച്ചത്.

 

ഭർത്താവിനെ ചെറുപ്പത്തിൽത്തന്നെ നഷ്ടപ്പെട്ട്, മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്ന ആ ഉമ്മയെ സംബന്ധിച്ചിടത്തോളം ബാബുവിന്റേതു പുനർജന്മമാണ്. വേദനകളുടെ പർവതങ്ങളേറെക്കയറിയ ഈ കുടുംബത്തിന്റെ പുനർജന്മത്തിൽ പറയാൻ മറ്റൊരു സന്തോഷം കൂടിയുണ്ട്. ഇന്നാണു ബാബുവിന്റെ 24–ാം ജന്മദിനം. ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപാലം കടന്നു നേടിയ പുനർജന്മത്തിലെ ആദ്യ പിറന്നാൾ.

 

പാറപോലും തീപിടിക്കുന്ന കൊടും വെയിലത്തും കടുത്ത കാറ്റിലും ബാബു രാപകൽ കഴിയുമ്പോൾ റഷീദ ഓർത്തത് അതിലും തീവ്രമായ തന്റെ ജീവിതത്തെക്കുറിച്ചാണ്. ബാബു മൂന്നാം ക്ലാസിലും അനിയൻ ഷാജി രണ്ടാം ക്ലാസിലും പഠിക്കുമ്പോഴാണ് ഇവരുടെ പിതാവ് മരിക്കുന്നത്. അതോടെ കഷ്ടപ്പാട് തുടങ്ങി. വലിയങ്ങാടിയിലെ വെളിച്ചെണ്ണക്കടയിലും ഹോട്ടലുകളിലും കൂലിപ്പണിയെടുത്തു മക്കളെ വളർത്തി. വാടക വീടുകൾ പലതു മാറി. തുച്ഛമായ വരുമാനത്തിൽനിന്ന് ഒരു പാത്രത്തിൽ മൂന്നു പേരും ഭക്ഷണം കഴിച്ചു കിടന്നു. മക്കളെ നോട്ടവും കൂലിപ്പണിയും ഒരുമിച്ചു പോകാത്തതിനാൽ അവരെ രണ്ടുപേരെയും യത്തീംഖാനയിലാക്കി. മക്കളെ കാണാതിരിക്കാൻ പ്രയാസമുണ്ടെങ്കിലും അവർക്കു സമയത്തു ഭക്ഷണമെങ്കിലും കിട്ടുമല്ലോയെന്നായിരുന്നു റഷീദയുടെ ആശ്വാസം....

 

‘ഞായറാഴ്ച വരുമെന്ന് ഉമ്മ പറഞ്ഞതും നോക്കി ഞങ്ങളിരിക്കും, എന്തെങ്കിലും പലഹാരവും ഉമ്മയുടെ കയ്യിലുണ്ടാകും.’ ഇനി പറയുന്നതു ബാബുവാണ്. ‘എന്നും ഉമ്മയെ കെട്ടിപ്പിടിച്ചു കിടന്ന ഞങ്ങളെ എന്തിനാണ് യത്തീംഖാനയിലാക്കിയതെന്നു വിഷമിച്ചിരുന്നു. എട്ടു വയസ്സാണെനിക്കന്ന്. ഷാജിക്ക് ഏഴും. ഞാൻ കരയുമ്പോൾ അവനും കരയും. അതോടെ ഞാൻ കരച്ചിൽ നിർത്തും. മലമുകളിൽ ഞാൻ ഒറ്റയ്ക്കിരുന്നപ്പോൾ അതും ആലോചിച്ചു. ചെറിയ കുട്ടിയല്ലേ അന്നു ഞാൻ. ആഴ്ചയൊന്നും അറിയില്ല. കുറെ ദിവസം കാത്തിരുന്നാൽ ഉമ്മ വരുമെന്നറിയാം. മലമുകളിൽ കാത്തിരുന്ന എന്നെ രക്ഷിക്കാനും ആരെങ്കിലും വരുമെന്ന് ആശ്വാസം തോന്നിയത് അപ്പോഴാണ്. ഉമ്മ എന്നെ കാണാതെ എന്തു ചെയ്യുമെന്ന് വിഷമിച്ചിരുന്നു. എനിക്കെന്തെങ്കിലും പറ്റിയാൽ എന്തു ചെയ്യുമെന്ന് തോന്നിയപ്പോൾ കരച്ചിൽ വന്നു.’

 

എയർഫോഴ്സ് മെസിൽ

 

മക്കൾക്കായി ഉമ്മ കഷ്ടപ്പെടുന്നതു കണ്ട വിഷമത്തിലാണ് പ്ലസ്‌ വണ്ണിൽ പഠനം നിർത്തി ജോലി അന്വേഷിച്ച് ബാബു തിരുവനന്തപുരത്തേക്കു വണ്ടി കയറുന്നത്. ഒരു സൂപ്പർമാർക്കറ്റിൽ പ്രഷർ കുക്കർ കമ്പനിയുടെ റപ്രസന്റേറ്റീവായി ജോലി കിട്ടി. പണി കഴിഞ്ഞാൽ രാത്രി കിടക്കാൻ ഇടമില്ല. പലയിടത്തുമായി രാത്രി കഴിച്ചുകൂട്ടും. ഒരു കാർ കമ്പനി തങ്ങളുടെ വിൽപനയ്ക്കായി താൽക്കാലികമായി നിർമിച്ച പന്തലിലാണ് കുറച്ചുനാൾ ഉറങ്ങിയത്. പാതയോരത്ത് ഇങ്ങനെ കിടക്കുന്നതുകണ്ട ഒരു ചെറാടുകാരനാണ് എയർഫോഴ്സിന്റെ മെസിൽ ജോലിക്കെത്തിച്ചത്.

 

യുണിഫോമിട്ട സൈനികർ ആവേശമായിരുന്ന ബാബുവിനു സേനാംഗങ്ങൾക്കു ഭക്ഷണം നൽകുന്ന ജോലി ഇഷ്ടമായി. അവിടെ നിന്നാണു ഹിന്ദി പഠിച്ചത്. പഞ്ചാബുകാരനായ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കുകയായിരുന്നു പ്രധാന ഉത്തരവാദിത്തം. നേരത്തേ സ്കൗട്ടിലും മറ്റുമുണ്ടായിരുന്ന ബാബുവിനു സൈന്യത്തിൽ കയറണമെന്ന മോഹം കലശലായി. എന്നെയും സൈന്യത്തിൽ ചേർക്കുമോ എന്നു ചോദിച്ചപ്പോൾ പഠനം പൂർത്തിയാക്കാനും കുറച്ചുകൂടി ഉയരമൊക്കെ വച്ചിട്ടുവരാനും പറഞ്ഞു.

 

നാട്ടിലെത്തിയ ബാബുവിന് ‘ഉയരത്തെ’ക്കുറിച്ചായി സദാസമയവും ചിന്ത. ഒപ്പം ഉയരങ്ങളിലേക്ക് എത്തിപ്പെടാനും. രാവിലെ മലയാള മനോരമ ഉൾപ്പെടെയുള്ള പത്രങ്ങളുടെ വിതരണം കഴിഞ്ഞുവന്നാൽ മറ്റെന്തെങ്കിലും പണിക്കു പോകും. അങ്ങനെയൊരു തിങ്കളാഴ്ച പത്രമിട്ടുവന്ന ബാബുവാണു കൂട്ടുകാർക്കൊപ്പം പൊറോട്ടയും കഴിച്ച് ആരോടും പറയാതെ മലകയറിയതും അവിടെ കുടുങ്ങിയതും.

 

ഒറ്റപ്പെട്ടവന്റെ ആകാശം

 

കുടുങ്ങിയെന്ന് ഉറപ്പായി. കാൽ ഉളുക്കിയതിനാൽ മലകയറി രക്ഷപ്പെടാൻ കഴിയില്ല. മൊബൈൽ ഫോണിനു ചാർജ് കുറവ്. വേഗം അഗ്നിശമനസേനയെയും മറ്റും വിളിച്ചു സഹായമഭ്യർഥിച്ചു. കുടുങ്ങിയ സ്ഥലം മനസ്സിലാക്കാൻ സെൽഫിയെടുത്ത് സുഹൃത്തുക്കൾക്കും മറ്റും അയച്ചു. ഒച്ചയിട്ടു വിളിച്ചുകൂവി ആളുകളുടെ ശ്രദ്ധനേടാൻ നോക്കി. ഫലമുണ്ടായില്ലെന്നു മാത്രമല്ല, വിളിച്ചു കൂവിയതിനാൽ ശബ്ദവും പോയി.. ഒരു തുള്ളി വെള്ളമോ ഭക്ഷണമോ കഴിക്കാനില്ല... വൈകാതെ ഫോൺ ചാർജ് തീർന്ന് ഓഫായി.

 

ഇനി മുന്നോട്ടു ജീവിതമില്ല എന്നു തോന്നുന്ന നിമിഷം മനസ്സിലൊരു ശക്തി വരും. കൈകൾക്കും കാലിനുമൊക്കെ പ്രത്യേക ബലം വരും. കുത്തനെയുള്ള മലയിൽ ഒരു കാറ്റത്തും വീഴാതെ പിടിച്ചുനിർത്തിയത് ആ ധൈര്യമായിരുന്നുവെന്നു ബാബു പറയുന്നു. പൊരിവെയിലത്ത് പാറ നന്നായി ചൂടായിരുന്നു. ഉള്ളിലെ ഗുഹയിലിരുന്നാൽ നല്ല തണുപ്പുണ്ട്. കനത്ത കാറ്റിൽ പിടിവിട്ടു വീഴുമോയെന്ന ആശങ്കയുമുണ്ട്. രാത്രിയായപ്പോൾ മലയുടെ താഴെയുള്ള വീടുകളിൽ വിളക്കുകൾ തെളിഞ്ഞു. പലരും രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നു ശബ്ദം കേട്ടപ്പോൾ മനസ്സിലായി. പക്ഷേ, അവർക്കു താൻ പറയുന്നതു കേൾക്കാമോയെന്ന് അറിയില്ല. രാത്രിയായപ്പോൾ നല്ല തണുപ്പും കാറ്റും തുടങ്ങി. ഒന്നു കണ്ണടച്ചാൽ നന്നായി ഉറങ്ങിപ്പോകുന്ന അവസ്ഥ. പക്ഷേ, ഉറക്കത്തിൽ താഴേക്കു വീണാൽ പൊടിപോലും കിട്ടില്ല.

 

ചൊവ്വാഴ്ച രാവിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. ആരും അടുത്തെത്തുന്നില്ല.

 

ശബ്ദം പോയതിനാൽ ധരിച്ചിരുന്ന ടീ ഷർട്ടു വീശിക്കാട്ടി ശ്രദ്ധനേടാൻ ശ്രമിച്ചു. ആരു കാണാൻ? ചെറിയ പാറക്കഷണങ്ങൾ കൊണ്ടു പാറയിൽ അടിച്ച് ശബ്ദമുണ്ടാക്കി. ആരു കേൾക്കാൻ? ബാബു ഈ ശ്രമങ്ങളൊക്കെ നടത്തുമ്പോഴും ഒരു നാടു മുഴുവൻ അവനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു തുള്ളി ഭക്ഷണമോ വെള്ളമോ ഇല്ലാതെ പിറ്റേദിവസം അവസാനിക്കാറായപ്പോഴാണ് രക്ഷകരായി കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിയത്. മലയോട് അടുക്കാൻ കഴിയാതെ അവർ മടങ്ങിപ്പോയി. ഇനിയാരും വരാതിരിക്കുമോ എന്നു ഭയന്നിരുന്ന നിമിഷങ്ങൾക്കൊടുവിലാണ് രക്ഷകരായി സൈന്യമെത്തുന്നതും ‘പുഷ്പം ’ പോലെ ബാബുവിനെ പൊക്കിയെടുക്കുന്നതും.

 

സൈന്യത്തിൽ ചേരാനുള്ള ഉയരം സ്വപ്നം കണ്ടു നടന്ന ബാബു തന്നെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന ലഫ്. കേണൽ ആർ. ഹേമന്ദ് രാജിനോട് അബോധാവസ്ഥയിലും പറഞ്ഞതു തന്റെ സൈനിക മോഹമാണ്. ‘ഭാരത്‌മാതാ കീ ജയ്‌’ വിളിച്ചും ജവാൻമാർക്കു മുത്തം നൽകിയും സ്നേഹമറിയിച്ച ബാബു പറയുന്നു: ‘ഞാനും ഒരു പട്ടാളക്കാരനാകും ’

 

എന്നാലും എന്റെ ബാബുവേ..

 

ഇനിയെന്താണു പരിപാടിയെന്നും എവറസ്റ്റ് കീഴടക്കുമോയെന്നും പലരും ചോദിക്കുന്നത് ട്രോളുന്നതാണെന്നു ബാബുവിനറിയാം. രാവിലെ പത്രമിടാനും പിറ്റേന്ന് അതേ പത്രത്തിലെ ഒന്നാം പേജ് വാർത്തയാകാനും ബാബുവിനേ കഴിയു എന്ന ട്രോളിനു കാരണമായ മലയാള മനോരമ പത്രം വിസ്തരിച്ചു വായിച്ച ശേഷം താൻ പോയ വഴികളൊക്കെ ബാബു വിശദീകരിച്ചു തന്നു. ഇനിയെന്താണു പരിപാടി എന്നു ചോദിച്ചപ്പോൾ ഇടയ്ക്കൊക്കെ സുരക്ഷയോടെ മലകയറണമെന്നായിരുന്നു മറുപടി. ‘ഇനി പോയാൽ നിന്റെ പുറം തല്ലിപ്പൊളിക്കു’മെന്ന് തൊട്ടടുത്തുള്ള ഉമ്മ റഷീദ പറയുന്നു. എന്റെ മോനല്ല ഒരു മോനും ഇനിയിങ്ങനെ ചെയ്യരുതെന്നാണു റഷീദയുടെ ഉപദേശം. ‘വീട്ടിൽ പറയാതെയുള്ള കറക്കം നാടിനാകെ ഹാനികരം’. അതാണു തന്റെ മോൻ നാടിനു നൽകിയ സന്ദേശമെന്നു മകനെ ചേർത്തുപിടിച്ച് റഷീദ പറയുന്നു.

 

ബാഹുബലി ബാബു

 

മലകയറുന്ന മകനെ നോക്കി വിഷമിക്കുന്ന ബാഹുബലി സിനിമയിലെ അമ്മയുടെ അനുഭവം തന്നെയാണു ബാബുവിന്റെ ഉമ്മയ്ക്കും. ബാബു താമസിച്ചിരുന്ന വീടുകൾക്കു ചുറ്റിലുമെല്ലാം മലയുണ്ടായിരുന്നു. ഓരോ മലയുടെയും മുകളിലെന്തെന്നു ബാബുവിന് അറിയണം. ഉത്തരം പറഞ്ഞാൽ അടുത്ത മലയുടെ കാര്യം ചോദിക്കും. ആദ്യമായി മലകയറിയത് ആർക്കൊപ്പമെന്നു ചോദിച്ചാൽ ഇപ്പോൾ തന്റെ പിന്നിൽ വടിയും പിടിച്ചു നിൽക്കുന്ന ഉമ്മയ്ക്കൊപ്പമാണെന്നു ബാബു പറയും. ചെറുപ്പത്തിൽ ഉമ്മയ്ക്കൊപ്പം വിറകിനു പോകുമ്പോഴാണു മല കയറ്റം തുടങ്ങിയത്. പണ്ടു മുതലേ താൻ കയറുന്ന മലകൾക്കു മുന്നിലെല്ലാം ഒരു തുണി കെട്ടിവയ്ക്കുന്ന ശീലമുണ്ട് ബാബുവിന്. ഇത്തവണ കുടുങ്ങിയ സമയത്തും തുണിക്കഷ്ണം കെട്ടിയിരുന്നു. വിറകുകെട്ടാൻ കൊണ്ടുപോകുന്ന തുണിക്കഷ്ണമായിരുന്നു പലപ്പോഴും മലകൾ കീഴടക്കുമ്പോൾ കെട്ടുന്ന ‘കൊടിക്കൂറ’.