ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപ് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ആദിമമനുഷ്യര്‍ അവരുടേതായ രീതിയില്‍ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍. ഫെയ്സ്ബുക്കിനും ട്വിറ്ററിനും ടിക് ടോക്കിനും ഏറെ മുൻപ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനം എത്രത്തോളം കാര്യക്ഷമമായാണ് ഇവര്‍ ഉപയോഗിച്ചിരുന്നത് എന്നതിന്റെ തെളിവായും ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുപ്പതോളം ആഫ്രിക്കന്‍ നഗരങ്ങളില്‍ നിന്നും കണ്ടെടുത്ത ഒട്ടകപക്ഷി മുട്ടത്തോട് കൊണ്ട് നിര്‍മിച്ച മുത്തുമാലകളാണ് അന്ന് സാമൂഹ്യ മാധ്യമങ്ങളുടെ ജോലി നിര്‍വഹിച്ചത്.
ജര്‍മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സയന്‍സ് ഓഫ് ഹ്യൂമന്‍ ഹിസ്റ്ററിയിലെ ഗവേഷകര്‍ പത്ത് വര്‍ഷത്തോളം നടത്തിയ പഠനമാണ് ഇത് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മുപ്പതോളം ആഫ്രിക്കന്‍ നഗരങ്ങളില്‍ നിന്നും ശേഖരിച്ച 1500 ലേറെ ഒട്ടകപക്ഷികളുടെ മുട്ടത്തോടു കൊണ്ട് നിര്‍മിച്ച മുത്തു മാലകളാണ് പഠനത്തിനായി ഉപയോഗിച്ചത്. ജെന്നിഫര്‍ മില്ലറും യിമിങ് വാങുമായിരുന്നു പഠനത്തിന് നേതൃത്വം നല്‍കിയത്.
ഏതാണ്ട് 50,000 വര്‍ഷങ്ങള്‍ക്ക് മുൻപ് വരെ ഇത്തരം ഒട്ടകപക്ഷി മുട്ടത്തോട് മാലകള്‍ ആഫ്രിക്കയുടെ പല ഭാഗങ്ങളില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വരെ സഞ്ചരിച്ചിരുന്നതായി ഇവര്‍ കണ്ടെത്തി. മനുഷ്യ പൂര്‍വികര്‍ക്കിടയില്‍ പ്രതീകാത്മകമായ സന്ദേശ കൈമാറ്റമാണ് ഇതുവഴി നടന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പൂര്‍വിക മനുഷ്യര്‍ തമ്മിലുള്ള ഒത്തൊരുമയും ബന്ധവും കാണിക്കുന്ന സൂചകങ്ങളായും അക്കാലത്ത് ഈ മാലകള്‍ മാറി.
കല്ലുപയോഗിച്ച് ഒട്ടകപക്ഷിയുടെ മുട്ടത്തോടുകള്‍ രാകി മിനുക്കി മുത്തു മാലകള്‍ നിര്‍മിക്കുന്നത് ഏറെ അധ്വാനം ആവശ്യമുള്ള ജോലിയാണ്. ഇത്തരം മാലകള്‍ക്ക് നമ്മുടെ ഭൂതകാലത്തെക്കുറിച്ച് ഒരുപാട് കഥകള്‍ പറയാനുണ്ടെന്നാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയവരില്‍ ഒരാളായ മില്ലര്‍ പറയുന്നത്. ആ മുത്തുകള്‍ കാലത്തിനും സമയത്തിനും അതീതമായ സന്ദേശങ്ങളുമായി കാത്തിരുന്നവയെ പോലെയാണ് തോന്നിയതെന്നും മില്ലര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഏതാണ്ട് 3,000 കിലോമീറ്റര്‍ ദൂരത്തേക്ക് വരെ ഈ മുത്തുമാലകള്‍ സഞ്ചരിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ രണ്ട് മേഖലകളിലെ മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒന്നായും ഇത് അക്കാലത്ത് പ്രവര്‍ത്തിച്ചു. അരലക്ഷം വര്‍ഷങ്ങളിലെ ലഭ്യമായ മുത്തുമാലകള്‍ പരിശോധിച്ചിട്ടും ഇവയ്ക്ക് സമാനമായ രീതിയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളവ ലഭിച്ചിട്ടില്ല. അതേസമയം, ആഫ്രിക്കയിലെ പല ഗോത്രങ്ങളിലും ഇന്നും ഒട്ടകപക്ഷികളുടെ മുട്ടത്തോടുകൊണ്ടുള്ള മുത്തു മാലകളും ആഭരണങ്ങളും നിര്‍മിക്കുന്നത് സാധാരണമാണ്.