ലണ്ടനിലെ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ലെസ്റ്റർ മഹായിടവകയുടെ സഫ്രഗൻ ബിഷപ്പായി മലയാളി വൈദികനെ വാഴിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ അംഗീകാരത്തോടെ റവറന്റ് മലയിൽ ലൂക്കോസ് വർഗീസ് മുതലാളിയുടെ സ്ഥാനാരോഹണമാണ് നടന്നത്. കൊല്ലം മൺറോതുരുത്ത് സ്വദേശിയാണ് ബിഷപ്.
റോച്ചസ്റ്റർ മഹായിടവകയിലെ സെന്റ് മാർക്സ് ജില്ലിങ്ഹാം പള്ളി വികാരിയായിരിക്കെയാണ് സഫ്രഗൻ ബിഷപ്പായി റവറന്റ് മലയിൽ ലൂക്കോസ് വർഗീസ് മുതലാളി വാഴിക്കപ്പെട്ടത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ്. കൊല്ലം മൺറോതുരുത്ത് മലയിൽ എം.ഐ.ലൂക്കോസ് മുതലാളിയുടെയും അന്നമ്മ ലൂക്കോസിന്റെയും മകനാണ് സജു എന്നറിയപ്പെടുന്ന റവ. മലയിൽ ലൂക്കോസ് വർഗീസ് മുതലാളി. ബെംഗളുരുവിലെ സതേൺ ഏഷ്യ ബൈബിൾ കോളജ്, ഓക്സ്ഫഡിലെ വൈക്ലിഫ് ഹാൾ എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. 2009 ല്‍ വൈദികപട്ടം ലഭിച്ചു. തുടര്‍ന്ന് ലണ്ടനിലെ നിരവധി സമൂഹ്യകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇടവകയിലെ ഓരോ കുടുംബങ്ങളും 5000 അപരിചിതർക്ക് ഒരു നേരം ഭക്ഷണം നൽകുന്ന പദ്ധതിയിലൂടെ ശ്രദ്ധേയനായി. ബ്രിട്ടിഷ് വംശജയായ സാമൂഹിക പ്രവർത്തക കെയ്റ്റിയാണ് ഭാര്യ.