squid-kin

സ്ക്വിഡ് ഗെയിമിന്റെ പകർപ്പ് രാജ്യത്ത് കൊണ്ടുവന്നതിന്  ഉത്തര കൊറിയയില്‍ ഒരാള്‍ക്ക് വധശിക്ഷ. അനധികൃതമായി സൂപ്പർഹിറ്റ് ടിവി സീരിസായ സ്ക്വിഡ് ഗെയിം സീരിസ് കണ്ടതിന് 7 വിദ്യാർഥികൾക്കും ശിക്ഷ. അതിൽ ഒരു വിദ്യാർഥിക്ക് ജീവപരന്ത്യമാണ് ശിക്ഷ. മറ്റുള്ളവർക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷയും നൽകി.  സംഭവത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സ്‌കൂളിലെ അധ്യാപകരെയും അഡ്മിനിസ്‌ട്രേറ്റര്‍മാരെയും പുറത്താക്കി. ഇവരെ ശിക്ഷാനടപടിയുടെ ഭാഗമായി ഖനികളിലെ ജോലിക്കയച്ചു. 

 

ചൈനയിൽ നിന്നും സ്ക്വിഡ് ഗെയിം പതിപ്പുകൾ എത്തിച്ച് വിതരം ചെയ്ത വ്യക്തിയെ വെടിവെച്ച് കൊലപ്പെടുത്തി ശിക്ഷനടപ്പാക്കിയെന്നാണ് റിപ്പോർട്ടുകൾ. മുഖ്യപ്രതിയിൽ നിന്നും സീരീസ് വാങ്ങിയ ഒരു വിദ്യാർഥി മറ്റുള്ളവർക്കും വിതരണം ചെയ്തത്. ഇതിനെക്കുറിച്ച് സൂചന ലഭിച്ചതോടെയാണ് വിദ്യാർഥികളെ കയ്യോടെ പിടികൂടിയത്. 

 

കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ഉത്തരകൊറിയയുടെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് വിദേശരാജ്യത്തുനിന്ന് സ്‌ക്വിഡ് ഗെയിം സീരിസ് രാജ്യത്തേക്ക് എത്തിച്ചതെന്നും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. ഇതിനായി പ്രതികളെ അതിക്രൂരമായ ചോദ്യംചെയ്യലിന് വിധേയരാക്കി

 

സ്‌ക്വിഡ് ഗെയിം സീരിസ് രാജ്യത്ത് എത്തിച്ച് വിതരണം ചെയ്തത് ഗൗരവമേറിയ വിഷയമായിട്ടാണ് സർക്കാർ കാണുന്നത്. ഇതിന്റെ ഭാഗമായി യു.എസ്.ബി. ഡ്രൈവുകളും സി.ഡി.കളും കണ്ടെത്താന്‍ മാര്‍ക്കറ്റുകളില്‍ വ്യാപകമായ റെയ്ഡുകളും നടത്തുന്നുണ്ട്. നടപടി കടുപ്പിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

 

യു.എസ്, ദക്ഷിണകൊറിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നുള്ള സിനിമ കൈവശം വെയ്ക്കുന്നത് പോലും ഉത്തരകൊറിയയില്‍ വലിയ കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ വധശിക്ഷ ഉറപ്പാണ്. ഈ നിയമമനുസരിച്ചാണ് വിദ്യാര്‍ഥികളടക്കമുള്ളവരെ അധികൃതര്‍ പിടികൂടിയിരിക്കുന്നത്.