അച്ഛന്റെ വഴിയേ സിനിമയില്‍ എത്തിയെങ്കിലും തന്റെ കഴിവും പ്രതിഭയും കൊണ്ട് വളര്‍ന്ന താരമാണ് പുനീത് രാജ്കുമാർ. കന്നഡ ഏറെ ഇഷ്ടപ്പെട്ടിരുന്ന രാജ്കുമാറിന്റെ മകനും അവര്‍ അതേ വരവേല്‍പ്പ് നല്‍കി. 2002ലിറങ്ങിയ ‘അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയിൽ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്. അന്ന് സിനിമയുടെ നൂറാം ദിവസം സാക്ഷാല്‍ രജനികാന്ത് നേരിട്ടെത്തി അപ്പുവിനെ വാഴ്ത്തി. അച്ഛനെയും മകനെയും ചേര്‍ത്ത് പിടിച്ച് രജനി അന്ന് നടത്തിയ പ്രസംഗം ഇപ്പോള്‍ ആരാധകര്‍ കണ്ണീരോടെ പങ്കിടുന്നു. 

‘രാജ്കുമാര്‍ സാറിന്റെ മകന്‍ എന്ന നിലയില്‍ നിന്നും ഉയര്‍ന്ന് അവന്റെ കഴിവിനും പ്രതിഭയ്ക്കും കിട്ടിയ സ്വീകരണമാണിത്. ഫൈറ്റിലും ഡാന്‍സിലും അവന്‍ തിളങ്ങി. എനിക്ക് ഒരു എഴുപത് സിനിമകള്‍ക്ക് ശേഷം വന്ന പക്വത അവന്‍ ആദ്യ ചിത്രത്തില്‍ തന്നെ നേടി..’ അന്ന് രജനികാന്ത് പറഞ്ഞു.

കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിന്റെ മകനായ പുനീത് മുപ്പതോളം സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. പവർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. സഹോദരൻ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പർ താരമാണ്. അപ്പു എന്ന് വിളിച്ച ആരാധകര്‍ പുനീതിനെ പവര്‍ സ്റ്റാര്‍ എന്ന വിശേഷണവും നല്‍കി. ആരോഗ്യപരിപാലനത്തില്‍ ഏറെ ശ്രദ്ധ വച്ചിരുന്നു അദ്ദേഹം. ഏത് തിരക്കിലും വര്‍ക്കൗട്ട് ചെയ്യാന്‍ മടികാട്ടാറില്ലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.

രാജ്കുമാറിന്റെയും പാർവതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975 ൽ ചെന്നൈയിലാണ് ജനനം. ആറുമാസം പ്രായമുള്ളപ്പോൾ പ്രേമദ കനികേ എന്ന സിനിമയിലൂടെ സ്ക്രീനിലെത്തിയിരുന്നു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി.രാജ്കുമാറിനൊപ്പം കുട്ടിക്കാലം മുതൽ സിനിമാ സെറ്റുകളിൽ പോകുമായിരുന്നു. ബാലതാരമായ നിരവധി സിനിമകളിൽ അഭിനയിച്ചു.

 

‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങൾക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം രണ്ടുവട്ടം ലഭിച്ചിട്ടുണ്ട്. അഭി, വീര കന്നഡിഗ. റാം, അൻജാനി പുത്ര തുടങ്ങിയ ചിത്രങ്ങളിൽ നായകനായിരുന്നു. 2002 ൽ അപ്പു എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി.