ആസ്മയ്ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകുന്ന വിഷമയമായ പ്രത്യേക തരം പടക്കകളും ദീപങ്ങളും ചൈന ഇന്ത്യയിലേക്ക് അയക്കുന്നുവെന്ന് വ്യാജ സന്ദേശം. ദീപാവലി ആഘോഷിക്കാന്‍ രാ‍ജ്യം തയ്യാറെടുക്കുമ്പോഴാണ് വാട്സാപ്പില്‍  ഈ സന്ദേശം പ്രചരിക്കുന്നത്. ചൈനീസ് ഉല്‍പന്നങ്ങള്‍ ഒഴിവാക്കാനും ജനങ്ങളോട് ജാഗ്രത പാലിക്കാനും ആവശ്യപ്പെടുന്നതാണ് സന്ദേശം.  പലരും ഇത് വ്യാപകമായി തന്നെ പ്രചരിപ്പിക്കുന്നുമുണ്ട്. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ വിശ്വജിത് മുഖർജിയുടെ പേരും ചേര്‍ത്താണ് പ്രചാരണം. വ്യാജസന്ദേശം ഇങ്ങനെയാണ്, "രഹസ്യാന്വേഷണ പ്രകാരം പാകിസ്താന് ഇന്ത്യയെ നേരിട്ട് ആക്രമിക്കാൻ കഴിയാത്തതിനാൽ, ഇന്ത്യയോട് പ്രതികാരം ചെയ്യാൻ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പടക്കങ്ങള്‍ക്കൊപ്പം കാർബൺ മോണോക്സൈഡ് വാതകം നിറച്ച വിഷമയമായ പ്രത്യേക തരം പടക്കങ്ങളും  ചൈന അയക്കുന്നുണ്ട്. ഇത് ഇന്ത്യയില്‍ ആസ്മ പരത്തും. ഇതിനുപുറമേ നേത്രരോഗങ്ങള്‍ക്ക് കാരണമാകുന്ന തരം അലങ്കാരദീപങ്ങളും അയച്ചിട്ടുണ്ട്. ഈ ദീപാവലി കാലത്ത് ദയവായി ശ്രദ്ധിക്കുക."

എന്നാല്‍, ആഭ്യന്തര മന്ത്രാലയം ഇത്തരം വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്നും സന്ദേശം വ്യാജമാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ അറിയിച്ചു.