king-cobra-bite

TAGS

കൊടിയ വിഷമുള്ള രാജവെമ്പാലയുടെ കടിയേറ്റാല്‍ ജീവന്‍ തിരിച്ചു കിട്ടുന്ന കാര്യം സംശയമാണ്. മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ പോലും രക്ഷപ്പെട്ടെന്നു വരില്ല. രാജസ്ഥാനിലെ ജോധ്പൂരിൽ  ഇയാൻ ജോനസ് എന്ന വ്യക്തിയ്ക്കു പക്ഷെ അനുഭവം മറിച്ചാണ്. 

 

കോവിഡ് പോസിറ്റീവായ ശേഷം സന്നദ്ധ സംഘടനയുടെ ഹെഡ്ക്വാർട്ടേഴ്സിൽ മുറിയിൽ കഴിയുകയായിരുന്നു ഇയാൻ. ഇടയ്ക്ക് തല ചുറ്റുന്നതായി തോന്നിയതിനെ തുടർന്ന്  സോഫയിൽ ഇരുന്നു. സോഫയിൽ ഇയാൻ ഇരിക്കുന്നത് കണ്ട് വളർത്തുനായ പരിഭ്രാന്തനായി കുരച്ചെങ്കിലും അദ്ദേഹത്തിനു കാര്യം മനസ്സിലായില്ല. സോഫയിൽ ചുരുണ്ടുകൂടി കിടന്ന പാമ്പ് ഇയാൻ ചാരിയിരുന്നതോടെ കൈയുടെ പിൻഭാഗത്തായി രണ്ടുതവണ കൊത്തി. അപകടം മനസിലാക്കിയ ഇയാന്‍  ഉടൻ തന്നെ തുണിയെടുത്ത് കയ്യിൽ കെട്ടിയ. ശേഷം തൊട്ടടുത്തുള്ള പ്രാദേശിക ആശുപത്രിയിലേക്കെത്തി. സുഹൃത്തുക്കളുടെ സഹായത്തോടെ ആന്റിവെനം വാങ്ങി നല്കി ജയ്പൂരിലെ ഏറ്റവും വലിയ ആശുപത്രിയിലേക്ക് ഇയാനെ എത്തിച്ചു. എന്നാൽ ഇടയ്ക്കിടെ കോമ സ്റ്റേജിൽ ആകുന്ന നിലയിലായിരുന്നു ഇയാൻ. ഹൃദയം നിന്നു പോയ പല അവസരങ്ങളിലും സിപിആർ തുണയായി. എട്ട് ദിവസത്തിന് ശേഷമാണ് ഇയാനെ മറ്റൊരു വാർഡിലേക്ക് മാറ്റിയത്. മൂന്ന് ആഴ്ചയോളം ആശുപത്രിയിൽ തുടരേണ്ടി വന്നു. ആശ്വാസമായിയെന്ന് കരുതുന്നതിനിടെ കാഴ്ച ശക്തി കുറഞ്ഞു വരുന്നതായി തോന്നി. 

 

ദിവസങ്ങൾക്കുള്ളിൽ കാഴ്ചശക്തി പൂർണമായും ഇല്ലാതായി. കാഴ്ചശക്തി നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചുപിടിക്കാനായ സന്തോഷത്തിലാണ് ഇയാൻ.  ഒറ്റ കൊത്തിൽ 20 ആളുകളെ കൊല്ലാനുള്ള  വിഷമുള്ളവയാണ് കറുത്ത രാജവെമ്പാലകൾ. എന്നാൽ  അവയിൽ ഒന്നിന്റെ കടി രണ്ടുതവണ ഏറ്റിട്ടും ജീവനോടെ തിരിച്ചു വരാനായത്  മഹാദ്ഭുതമാണെന്ന് ഇയാൻ തന്നെ പറയുന്നു. കാഴ്ച നഷ്ടപ്പെട്ട ശേഷം ഇംഗ്ലണ്ടിലുള്ള  കുടുംബത്തിനടുത്തേക്ക് അദ്ദേഹം മടങ്ങിയിരുന്നു. എന്നാൽ  ആ സമയം കാലുകൾക്ക് ചലനശേഷി ഉണ്ടായിരുന്നില്ല. ഇപ്പോൾ സാവധാനം  കാലുകൾ ചലിപ്പിക്കാൻ സാധിക്കുന്നുണ്ടെന്ന് ഇയാൻ വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി ഇംഗ്ലണ്ടിൽ തന്നെ തുടർന്ന അദ്ദേഹം ഏതാനും ദിവസങ്ങൾക്കു മുൻപാണ്  ഇന്ത്യയിലേക്ക് തിരികെയെത്തിയത്.