venu-shankar

തെന്നിന്ത്യ മുഴുവൻ ഇളക്കിമറിച്ച ഇന്ത്യൻ, അന്യൻ എന്നീ ശങ്കർ ചിത്രങ്ങളിലെ നെടുമുടി വേണുവിന്റെ കഥാപാത്രങ്ങൾ ഭാഷയ്ക്കപ്പുറമുള്ള അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു. മലയാളത്തിലെ താരങ്ങളെ തന്റെ ചിത്രങ്ങളിൽ ഉൾപ്പെടുത്താൻ പ്രത്യേക ശ്രദ്ധ വയ്ക്കുന്ന ശങ്കർ പലപ്പോഴും വേണുവിന് നൽകുക വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്. മറ്റ് മലയാളി താരങ്ങളെ പരിഗണിക്കുന്നതിലും പ്രാധാന്യം നെടുമുടി വേണുവിന് അദ്ദേഹം നൽകിയിരുന്നു.

കമൽഹാസൻ ഇരട്ടവേഷങ്ങളിൽ നിറഞ്ഞ ബ്രഹ്മാണ്ഡചിത്രം ഇന്ത്യനിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം വേണു അവിസ്മരണീയമാക്കി. ക്ലൈമാക്സ് രംഗങ്ങളിൽ പോലും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ പ്രകടനം ഇപ്പോഴും ആവേശം തീർക്കുന്നതാണ്. ഒപ്പം അന്യനിൽ വിക്രത്തിന്റെ അച്ഛന്റേ വേഷം ചെയ്യാനും ശങ്കർ ക്ഷണിച്ചത് വേണുവിനെ ആയിരുന്നു.

നടൻ കമൽഹാസൻ ഒരിക്കൽ വേണുവിനോടു പറഞ്ഞു. മലയാളത്തിൽ നിങ്ങൾ പരമാവധി അഭിനയിച്ചു കഴിഞ്ഞു. ഇനി തമിഴിലേക്കു വരൂ, ഞാൻ വേണമെങ്കിൽ നിങ്ങളുടെ സെക്രട്ടറിയാകാം. ഒരിക്കൽ നെടുമുടി വേണുവിന്റ സിനിമ കണ്ടുകൊണ്ടിരിക്കെ ശിവാജി ഗണേശന്റെ സഹായി ‘നെടുമുടി വേണു’ എന്ന് പറഞ്ഞു. ‘‘നെടുമുടി എന്നല്ല കൊടുമുടി വേണു എന്നു വിളിക്കണം, അഭിനയത്തിന്റെ കൊടുമുടിയിലാണ് അയാൾ’’ എന്നായിരുന്നു ശിവാജി ഗണേശന്റെ തിരുത്തൽ.