മലയാളികളുടെ പ്രിയങ്കരനായ ഗായകനും സംഗീതസംവിധായകനുമായ എം.എസ്.ബാബുരാജ് ഓര്‍മ്മയായിട്ട് ഇന്ന് 43 വര്‍ഷം. സിനിമഗാനങ്ങള്‍ക്കൊപ്പം ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെയും ചാരുത നമ്മള്‍ ആസ്വദിച്ചതും ഈ പ്രതിഭാശാലിയിലൂടെയായിരുന്നു.
സ്വന്തം കണ്ണീരും സ്വപ്നങ്ങളും അലിയിച്ച് ചേര്‍ത്ത സംഗീതവുമായി മലയാളി മനസിലേക്ക് കുടിയേറിയൊരു പാട്ടുകാരനുണ്ടായിരുന്നു..എംഎസ് ബാബുരാജ്, മലയാളികളുടെ പ്രിയപ്പെട്ട ബാബുക്ക. ബാബൂക്ക ഒരു ഈണമായിരുന്നു...ഗാനങ്ങള്‍ ഓരോ കാലഘട്ടവും...ആകാശത്തിന്‍റെയും ഭൂമിയുടേയും കടലിന്‍റെയും സങ്കടവും സന്തോഷവും കണ്ടറിഞ്ഞ സംഗീതം.
ബാബൂക്കയുടെ ജീവിതം തന്നെയായിരുന്നു ഈ വരികളും, ആ പാമരനായ പാട്ടുകാരന്‍ തൊട്ടുമുന്നില്‍ നില്‍ക്കുന്ന അനുഭൂതി..ആലാപനവും ഹാര്‍മോണിയവും ഇഴപിരിക്കാനാവാത്ത വിധം ഇഴുകിച്ചേരുന്നതിന്‍റെ ഭംഗിയും ആസ്വദിച്ച് തന്നെ അറിയണം.
സംഗീതത്തില്‍ മാത്രം സമ്പന്നനായിരുന്ന ബാബുരാജ് ഗസലുകളിലൂടെയും ഹിന്ദുസ്ഥാനിയുടെ മെലോഡിയസ് സൗന്ദര്യവും ഗാനങ്ങളില്‍ കൂട്ടിചേര്‍ത്തു...സാധാരണക്കാരായ സംഗീതആസ്വാദകരുടെ മനസില്‍ ഇടം നേടിയതായിരുന്നു ബാബുരാജ്–ഭാസ്കരന്‍ മാസ്റ്റര്‍ കൂട്ടുകെട്ട്. വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും ഈ ഗാനങ്ങളൊക്കെ കേട്ട് മതിയായ ആരെങ്കിലുമുണ്ടോ..? അതു കൊണ്ട് തന്നെയാണ് ആ കാലഘട്ടത്തിലെ മറ്റെല്ലാ സംഗീതഞ്ജരും മാസ്റ്റേഴ്സ് ആയപ്പോള്‍ എം എസ് ബാബുരാജ് മാത്രം മലയാളികളുടെ പ്രിയപ്പെട്ട ബാബൂക്കയായത്.