കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ബോട്ട് ജെട്ടിയുടെ ഭിത്തികളിൽ ഇനി ചുമർചിത്രങ്ങൾ ജീവൻ തുടിക്കും. മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലെ പതിനാല് ബോട്ട് ജെട്ടികളുടെയും ചുമരുകള്‍ ഇനി ചിത്രകാരന്മാര്‍ക്ക് സമാനമായ ക്യാന്‍വാസുകളാകും. ബോട്ട് ജെട്ടികളുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് മതിലുകള്‍ മനോഹരമാക്കുന്നത്.
ആദ്യഘട്ടത്തില്‍ ചിത്രകാരൻ സുധി ഷണ്മുഖന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ മുസിരിസ് കോട്ടപ്പുറം ബോട്ട് ജെട്ടിയിലാണ് ചുമര്‍ചിത്ര രചന തുടങ്ങിയത്. മറ്റ് ബോട്ടുജെട്ടികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സൗന്ദര്യവല്‍ക്കരണത്തിനൊപ്പം പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചാണ് കോട്ടപ്പുറം കായലോരത്തെ ബോട്ട് ജെട്ടിയെ ഇങ്ങനെ മനോഹരമാക്കിയത്. കഴിഞ്ഞ 25 വര്‍ഷമായി ചിത്രകലാ രംഗത്ത് സജീവമാണ് സുധി ഷണ്മുഖന്‍. തീരദേശ ഗ്രാമമായ കൊടുങ്ങല്ലൂരിന്റെ ഗ്രാമീണ ജീവിതമാണ് മുസിരിസില്‍ വരച്ചു ചേര്‍ത്തിരിക്കുന്നത്. തഴപ്പായ നെയ്യുന്ന മുത്തശ്ശിയും വല വീശാന്‍ പോകുന്ന മുക്കുവനും തൊട്ട് പുരാതന മുസിരിസ് തുറമുഖ പട്ടണത്തിലേക്ക് വന്നെത്തിയ നാവികന്‍ വരെ ഇതില്‍പ്പെടും.
ബോട്ട് ജെട്ടിയുടെ പുറകില്‍ കുട്ടികള്‍ക്കുള്ള പാര്‍ക്കായതിനാല്‍ അവരെ ആകര്‍ഷിക്കാനുള്ള ചിത്രങ്ങളും വരച്ചിട്ടുണ്ട്. മുസിരിസ് ബിനാലെയില്‍ ഉപയോഗിച്ച വര്‍ണ്ണങ്ങളും ഛായക്കൂട്ടുകളും തന്നെയാണ് ഇവിടെയും ഉപയോഗിച്ചിട്ടുള്ളത്. സുധിക്ക് സഹായിയായി സുഹൃത്തായ ബാബുരാജും ഒപ്പമുണ്ട്. ഒരു മാസത്തിനകം ചിത്രരചന പൂര്‍ത്തീകരിക്കും.