കേരളത്തെ നടുക്കുന്ന തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിന്റെ വീട്ടിലെ കാഴ്ചകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. വ്ലോഗർമാർ പലരും ഇയാളുടെ വീട്ടിലെത്തി വിഡിയോ ചിത്രീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള വിവിധ വിഡിയോകളും ഇപ്പോൾ ചിരിയോടെ സോഷ്യൽ ഇടങ്ങളിൽ എത്തുകയാണ്. വീടിന്റെ മതിലിൽ പൂർണമായും ഭഗവത്ഗീതയും ഖുർ ആനും ബൈബിളുമാണ്. മുറ്റത്ത് എപ്പോഴും ഇടമില്ലാത്ത വിധം ഇരുപതിലേറെ ആഡംബരക്കാറുകൾ. മുന്തിയ ഇനം നായകളുടെ വൻ സംഘം. ഒപ്പം സുരക്ഷാ ജീവനക്കാർ എന്ന വിധത്തിൽ യുവാക്കളുടെ വലിയ സംഘം. വൻസുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് ഇവർ ആളുകളെ അകത്ത് പ്രവേശിപ്പിക്കുക.
വാതിൽ തുറന്നാൽ കാണുന്നത് കോടികൾ വില വരും എന്ന് അവകാശപ്പെട്ടിരുന്ന ഒറ്റത്തടിയിൽ തീർത്ത വിഗ്രഹം. ഇത്തരത്തിൽ, സ്വീകരണ മുറി നിറയെ വിഗ്രഹങ്ങൾ െകാണ്ട് നിറയും. രക്തചന്ദനത്തിൽ തീർത്തതാണ് ഇതെന്ന് അവകാശവാദം. ഒറ്റനോട്ടത്തിൽ ആരെയും അമ്പരപ്പിക്കുന്ന കൊട്ടാരതുല്യമായ വീട്. രണ്ടാമത്തെ നിലയിൽ പുണ്യപുരാതനമായ വസ്തുക്കളുടെ ശേഖരം.
ക്രിസ്തുവിനെ ഒറ്റിക്കൊടുത്തപ്പോൾ കിട്ടിയ 2 വെള്ളിക്കാശ് ഇയാളുടെ വീട്ടിലുണ്ടെന്നാണ് അവകാശപ്പെട്ടത്. ഇതിനൊപ്പം പുരാതനമായ ഗ്രന്ഥങ്ങളുടെ അപൂർവ പതിപ്പുകൾ. പഞ്ചലോഹത്തിൽ തീർത്ത ഖുർ ആൻ. ബൈബിൾ. വിളക്കുകൾ, തിരുവസ്ത്രങ്ങൾ അങ്ങനെ ‘കോടി’കൾ തട്ടി നടക്കാൻ ആവാത്ത വിധം സാധനങ്ങൾ നിറഞ്ഞിരുന്നു ഈ വീട്ടിൽ.
സിവിൽ സർവീസിലെയും സിനിമയിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. വീടിനു പൊലീസ് സുരക്ഷ. അതിഥികളെ സൽക്കരിക്കാൻ മുന്തിയ ഇനം മദ്യം, ഭക്ഷണം. അതിഥികൾക്കു വിനോദത്തിനു സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ നൃത്തം. കലൂരിലെയും ചേർത്തലയിലെയും വീടുകളിലെ പുരാവസ്തു ശേഖരത്തിൽ നല്ലൊരു പങ്കും വ്യാജനായിരുന്നുവെന്നാണു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. 90 കിലോഗ്രാം സ്വർണത്തിൽ തീർത്ത യേശുക്രിസ്തുവിന്റെ പിക്കാസോ ചിത്രം തന്റെ ശേഖരത്തിലുണ്ടെന്നും ഇതു വിറ്റാൽതന്നെ കോടികൾ കയ്യിലെത്തുമെന്നും ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.