പൂച്ചയെ പിടിക്കാൻ പിന്നാലെ പാഞ്ഞ പുള്ളിപ്പുലിയും പൂച്ചയും കിണറ്റിൽ വീണു. രണ്ട് പേരും ഒരുപോലെ പെട്ടതോടെ ഒടുവിൽ കിണറ്റിനുള്ളിൽ വച്ച് സൗഹൃദത്തിലായി. അപൂർവമായ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ ഒരു കിണറ്റിൽ അകപ്പെട്ട പൂച്ചയും പുള്ളിപ്പുലിയും ശത്രുത മറന്ന് ചങ്ങാതിമാരായത്.

പൂച്ചയെ പിടിക്കാനായി അതിന്റ പിന്നാലെ ഓടുന്നതിനിടെ പുള്ളിപ്പുലിയും പൂച്ചയും കിണറ്റിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. കിണറിനുള്ളിൽ അൽപം വീതിയുള്ള ഭാഗത്ത് പുലിയും പൂച്ചയും നിലയുറപ്പിച്ചിരിക്കുന്നതായി വിഡിയോയിൽ കാണാം. പുറത്തുവരാനാകാത്ത വിധത്തിൽ കിണറ്റിനുള്ളിൽ അകപ്പെട്ടുകിടക്കുകയാണെങ്കിലും തുടക്കത്തിൽ തന്റെ ഇരയെ വിട്ടുകളയാൻ പുലിക്ക് മനസ്സുണ്ടായിരുന്നില്ല. ഓടി രക്ഷപ്പെടാൻ മറ്റൊരിടവുമില്ലാത്തതിനാൽ പൂച്ചയും ആകെ ഭയന്ന നിലയിലായിരുന്നു.

ഒന്നുരണ്ടു തവണ പുലി പൂച്ചക്ക് നേരെ കുതിച്ചു ചാടുകയും ചെയ്തു. എന്നാൽ പൂച്ചയുടെ തൊട്ടരികിലെത്തിയപ്പോൾ പുലിയുടെ ഭാവം മാറി. ഭയന്നു നിൽക്കുന്ന പൂച്ചയോട് സൗമ്യമായി പെരുമാറാൻ തുടങ്ങി. തങ്ങൾ രണ്ടുപേരും ഒരേ പോലെ അപകടത്തിൽപ്പെട്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതു പോലെയായിരുന്നു പിന്നീടുള്ള പുലിയുടെ പെരുമാറ്റം. ഇതോടെ പൂച്ചയുടെ ഭയവും മാറി രണ്ടുപേരും സൗഹൃദത്തിലായി. 

ന്യൂസ് ഏജൻസിയായ എഎൻഐയാണ് കൗതുകകരമായ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. വിവരമറിഞ്ഞതോടെ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. പൂച്ചയെയും പുലിയെയും കിണറ്റിൽ നിന്നു രക്ഷിച്ച ശേഷം പുലിയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിട്ടതായി വെസ്റ്റ് നാസിക്ക് ഡിവിഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററായ പങ്കജ് ഗാർഗ് അറിയിച്ചു.