python-supermarket

ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു ഹെലൈന എന്ന യുവതി. സുഗന്ധദ്രവ്യങ്ങൾ വച്ചിരിക്കുന്ന ഷെൽഫിനു സമീപം സാധനങ്ങൾ തിരഞ്ഞെടുക്കുകയായിരുന്ന ഹെലൈനയെ കാത്തിരുന്നത് ഒരു അപൂർവ കാഴ്ചയാണ്. ഷെൽഫിനു മുകളിലൂടെ തല പുറത്തേക്ക് നീട്ടിനിൽക്കുന്ന ഒരു പെരുമ്പാമ്പ്.

സാധനങ്ങൾ തിരയുന്നതിനിടെ തിരിഞ്ഞു നോക്കിയപ്പോഴാണ്  ഏതാനും സെന്റിമീറ്ററുകൾ മാത്രം അകലെ പെരുമ്പാമ്പിന്റെ തല ഹെലൈന കണ്ടത്. ഒറ്റനോട്ടത്തിൽ താൻ പരിസരം മറന്നു പോയതായി ഇവർ പറയുന്നു. സൂപ്പർ മാർക്കറ്റിൽ ധാരാളം ഉപഭോക്താക്കൾ ഉള്ള സമയമായിരുന്നു. ഹെലൈന എത്തുന്നതിനു മുൻപും മറ്റു പലരും ഇതേ ഭാഗത്തൂടെ കടന്നുപോയിരുന്നു. എന്നാൽ അപ്പോഴൊക്കെയും കുപ്പികൾക്ക് പിന്നിലായി ഒളിച്ചിരിക്കുകയായിരുന്നു പെരുമ്പാമ്പ്. പാമ്പുകളെ പിടിച്ച് പരിചയം ഉള്ളതിനാൽ ഹെലൈന മനഃസാന്നിധ്യം വീണ്ടെടുത്ത് ഉടൻതന്നെ സൂപ്പർമാർക്കറ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടയിൽ നിന്നും ആളുകളെയെല്ലാം പുറത്തിറക്കി. ഈ നേരം കൊണ്ട് ഹെലൈന വീട്ടിൽ നിന്നും പാമ്പിനെ പിടിയിലാക്കാൻ പാകത്തിലുള്ള വലിയ ബാഗ് കൊണ്ടുവന്നിരുന്നു. ഇവർ തന്നെയാണ് പാമ്പിനെ വലിയ പിടിച്ച് ബാഗിനുള്ളിലാക്കിയത്. അതിനുശേഷം അൽപം അകലെയുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി തുറന്നു വിടുകയും ചെയ്തു.

മൂന്നു മീറ്ററിലധികം നീളമുള്ള ഡയമണ്ട് പൈതൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പാണ് സൂപ്പർമാർക്കറ്റിൽ കയറിയത്. ഓസ്ട്രേലിയയിൽ  വിവിധ ഇനങ്ങളിൽ പെട്ട പാമ്പുകളെ കാണുന്നത് സാധാരണമാണെങ്കിലും തിരക്കുള്ള സൂപ്പർമാർക്കറ്റിനുള്ളിൽ ഒരു പെരുമ്പാമ്പ് കയറിയത് അപൂർവമാണ്. വിഷമില്ലെങ്കിലും ഇവയുടെ ആക്രമണത്തിൽ സാരമായ മുറിവേൽക്കാൻ സാധ്യതയുണ്ട്.