
അവസാന നിമിഷം വരെ പൊരുതിയാണ് നടി ശരണ്യ മരണത്തിനു കീഴടങ്ങിയത്. കാൻസർ ബാധിതയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടിയുടെ മരണത്തിൽ ഉറ്റവരും സഹപ്രവർത്തകരും തോരാക്കണ്ണീരിലാണ്. ശരണ്യയുടെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ പ്രമുഖർ ആദരവർപ്പിക്കാൻ എത്തി
നടനും എം.എൽ.എയുമായ കെ.ബി ഗണേശ് കുമാർ ശരണ്യയ്ക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയപ്പോൾ അതിവൈകാരികമായ നിമിഷങ്ങൾക്കാണ് സാക്ഷിയായത്. ശരണ്യയുടെ അമ്മ മകളുടെ വേർപാട് ഇപ്പോഴും വിശ്വസിക്കുവാനാകാത്ത പോലെയാണ് ഗണേശ് കുമാറിനോട് സംസാരിച്ചത്.
അദ്ദേഹത്തിനു മുന്നിൽ വൈകാരികമായി വിതുമ്പിക്കരഞ്ഞുകൊണ്ട് സംസാരിക്കുന്ന ശരണ്യയുടെ അമ്മയുടെ ദൃശ്യങ്ങൾ ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. മകള്‍ കണ്ണു തുറക്കുന്നില്ലെന്നും ഗണേഷേട്ടൻ വിളിച്ചാൽ കണ്ണു തുറക്കുമെന്നും അമ്മ കണ്ണീരോടെ പറഞ്ഞു. ഇവരാരും ശരണ്യയെ വിളിക്കുന്നില്ല. ഗണേഷ് വരാൻ കാത്തു നിൽക്കുകയായിരുന്നു. സാർ പൾസ് നോക്കിയാൽ അവൾ കണ്ണു തുറക്കും– അമ്മയുടെ വാക്കുകൾ കണ്ണു നിന്നവരിലും വിതുമ്പലുണ്ടാക്കി.