തന്റെ താൽപര്യങ്ങളും ഇഷ്ടങ്ങളും മുൻനിർത്തി ജീവിതത്തിൽ സ്വന്തം വഴി കണ്ടെത്തിയ മകനെ പ്രശംസിച്ച് പ്രിയങ്കാ ഗാന്ധിയുടെ കുറിപ്പ്. ഡൽഹിയിലെ ബിക്കനീർ ഹൗസിൽ നടത്തിയ മകൻ റെയ്ഹാൻ രാജീവ് വദ്രയുടെ ഫോട്ടോ പ്രദർശനത്തെ കുറിച്ച് അഭിമാനത്തോടെ പങ്കിടുകയാണ് പ്രിയങ്ക. ഇരുപതുകാരനായ റെയ്ഹാന്റെ ആദ്യ സോളോ ചിത്ര പ്രദർശനമാണ് ഇത്.
‘അവന്റെതായ വഴി തിരഞ്ഞെടുത്ത് കഠിനാധ്വാനം ചെയ്ത് ലക്ഷ്യങ്ങളിൽ എത്തുന്നതിനും അടിസ്ഥാനപരമായി നല്ല ഹൃദയത്തിനുടമയുമായ എന്റെ മകനെ ഓർത്ത് അഭിമാനിക്കുന്നു.’ എന്നാണ് പ്രിയങ്ക സമൂഹമാധ്യമത്തിൽ കുറിച്ചത്. ജൂലൈ 17വരെയാണ് ഫോട്ടോ പ്രദർശനം നടക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. മകനൊപ്പമുള്ള രണ്ട് ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചു. എക്സിബിഷൻ നടക്കുന്ന ബിക്കനീർ ഹൗസിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നിൽ നിന്നും മകനൊപ്പമുള്ള ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവച്ചത്. കൂടാതെ ഫോട്ടോഗ്രാഫി എക്സിബിഷന്റെ ബാനറിന്റെ ചിത്രവും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. റെയാൻ രാജീവ് വദ്ര രത്താംബൂർ ദേശീയ പാർക്കിൽ നിന്ന് എടുത്ത കടുവകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.