ചേർത്തല: പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിനിടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നായ ‘കുവി’ അമ്മയായി. കഴിഞ്ഞ ദിവസമാണ് 3 കുഞ്ഞുങ്ങളെ പ്രസവിച്ചത്. കൈമാറ്റങ്ങൾക്കൊടുവിൽ രണ്ടാഴ്ച മുൻപാണ് കുവി ചേർത്തലയിലെത്തിയത്. ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകൻ ചേർത്തല കൃഷ്ണകൃപയിൽ അജിത് മാധവനാണ് കുവിയെ ഏറ്റെടുത്തത്. പെട്ടിമുടി ദുരന്തഭൂമിയിൽ നിന്നു തന്റെ കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കുവി ശ്രദ്ധേയയായത്.

 

പിന്നീടു ഭക്ഷണം കഴിക്കാതെ നടന്നിരുന്ന കുവിയെ അജിത് ഇണക്കിയെടുത്തിരുന്നു. അജിത്തിന് ഏറ്റെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇടുക്കി ഡോഗ് സ്ക്വാഡ് കുവിയെ ദത്തെടുത്തു. അവിടെയും പരിശീലിപ്പിച്ചത് അജിത് തന്നെ. പിന്നീട് ധനുഷ്കയുടെ ബന്ധുക്കൾക്കു കൈമാറി.ഗർഭിണിയായ കുവി ഭക്ഷണം കഴിക്കാതെ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ, രണ്ടാഴ്ച മുൻപ് ധനുഷ്കയുടെ ബന്ധുക്കൾ വിവരമറിയിക്കുകയും അജിത് എത്തി ഏറ്റെടുക്കുകയുമായിരുന്നു.