santhosh-new-post

ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തിന്റെ തൊട്ടരികിലെന്ന് സന്തോഷ് ജോർജ് കുളങ്ങര. വർഷങ്ങൾക്ക് മുൻപ് തന്നെ പങ്കുവച്ച ഈ വലിയ സ്വപ്നം ഉടൻ സത്യമാകും എന്ന് അദ്ദേഹം തന്നെയാണ് ഇപ്പോൾ വിഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയത്. ബഹിരാകാശത്തേക്കുള്ള ഈ യാത്രയുടെ ഓരോ നിമിഷവും അവിടുത്തെ കാഴ്ചകളും മലയാളിക്ക് മുന്നിൽ എത്തിക്കുമെന്നും സന്തോഷ് ഉറപ്പുനൽകുന്നു. മലയാളികൾക്ക് വേണ്ടി മലയാളി നടത്തുന്ന യാത്ര എന്നാണ് അദ്ദേഹം ഈ ചരിത്ര തീരുമാനത്തെ വിശേഷിപ്പിച്ചത്.

‘ഞാൻ ഉൾപ്പെടുന്ന ബഹിരാകാശ സഞ്ചാരികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ തേടിയെത്തിയിരിക്കുന്നത്. മെയ് മാസം 22ന് വിഎസ്എസ് യൂണിറ്റി എന്ന ഞങ്ങളുടെ ബഹിരാകാശ വാഹനത്തിന്റെ അവസാനഘട്ട പരീക്ഷണപ്പറക്കലും വിജയകരമായി പൂർത്തിയായി. ജൂൺ മാസം 25 എഫ്എഎയുടെ അനുമതിയും ലഭിച്ചു. ഇതോടെ യാത്രയ്ക്ക് വേണ്ടി എല്ലാ കടമ്പകളും കടന്നുവെന്ന് പറയാം. ഈ സഞ്ചാരികളുമായി പറക്കാം. ഇതിന്റെ ഭാഗമായി കമ്പനിയുടെ ടെക്നിക്കൽ, മാനേജ്മെന്റ് പ്രതിനിധികൾ അടങ്ങുന്ന ആറുപേർ ജൂലൈ 11 ന് യാത്ര തിരിക്കും. ഇതിന് ശേഷം പല ബാച്ചുകളായി തിരിച്ച്, പേര് റജിസ്റ്റർ ചെയ്ത് എല്ലാ പരിശീലന ഘട്ടങ്ങളും പൂർത്തിയാക്കിയ ഞങ്ങളുടെ സംഘം ബഹിരാകാശത്തേക്ക് വിനോദയാത്ര പോകും. ഇത് മലയാളിക്ക് വേണ്ടിയുള്ള യാത്രയാണ്. ഓരോ കാഴ്ചകളും  ഒപ്പിയെടുത്ത് നിങ്ങളുടെ മുന്നിലെത്തിക്കും. ആ വലിയ സ്വപ്നത്തിക്ക് ഇനി കുറച്ച് ദൂരം മാത്രം..’ ആവേശത്തോടെ സന്തോഷ് പറയുന്നു.