club-house

ഫെയ്സ്ബുക്ക്, വാട്സാപ്പ് പോലെ പ്രചാരം കിട്ടിയയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വേറെയില്ല എന്ന് തന്നെ പറയാം. ട്വിറ്റർ പോലും രണ്ടാം സ്ഥാനത്താണ്. ഇപ്പോഴിതാ ആ നിരയിലേക്ക് ഉയരുകയാണ് സ്റ്റാർട്ടപ്പ് മാത്രമായി തുടങ്ങി ക്ലബ് ഹൗസ് എന്ന ആപ്ലിക്കേഷൻ. എവിടെയും ക്ലബ് ഹൗസിനെക്കുറിച്ചുള്ള വർത്തമാനങ്ങളാണ് കാണുന്നത്. പെട്ടെന്നുണ്ടായ ഒരു സൈബർ ഇടമല്ല എന്നാൽ ക്ലബ് ഹൗസ്. അടുത്തിടെ പുറത്തിറങ്ങിയ പലതരം ആപ്പുകളിൽ നിന്നുള്ള വ്യത്യസ്തതയാണ് ക്ലബ് ഹൗസിന് ഇത്രമാത്രം പ്രചാരം നൽകുന്നത്.

ഒരുവർഷമായി ഐഒഎസിൽ ലഭ്യമായിരുന്ന ആപ്പ് ജനകീയമാകുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ടാണ്. മെയ് 21–ന് ആൻഡ്രോയ്ഡ് പതിപ്പ് എത്തിയതാണ് ഇതിന് കാരണവും. മറ്റ് സൈബർ ബ്ലോഗിങ് ഇടങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസാരം മാത്രമാണ് ക്ലബ് ഹൗസിലെ ആശയവിനിമയ മാർഗം. ക്ലബ് ഹൗസിൽ സജീവമാകുമ്പോഴും ചില സംശയങ്ങൾ മാത്രം ബാക്കി. 

ക്ലബ് ഹൗസ് പ്രവർത്തനം എങ്ങനെ..?

ഒരു മുറിയിൽ, വേദിയിൽ. സദസ്സിൽ കുറച്ചാളുകൾ ചേർന്ന് ഏതെങ്കിലും വിഷയത്തെ ആസ്പദമാക്കിയുള്ള സംസാരം. അതിനെ അങ്ങനെ തന്നെ വിർച്വൽ ലോകത്തേക്ക് പറിച്ചു നടുകയാണ് ക്ലബ് ഹൗസ്‍ എന്ന ആപ്പ്. 5000 പേരെ വരെ ഒരു റൂമിൽ ഉൾപ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് മോഡറേറ്റർ. സ്വീകരണം ലഭിച്ച് റൂമിൽ പ്രവേശിക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാം. ക്ലോസ്ഡ് റൂമുകൾ ക്രിയേറ്റ് ചെയ്ത് സ്വകാര്യ സംഭാഷണങ്ങളും നടത്താം. ഉപഭോക്താവിന് ആർക്കും തന്നെ ക്യാമറ ഓണാക്കാനോ വിഡിയോ പ്ലേ ചെയ്യാനോ ടെക്സ്റ്റ് മെസേജ് അയക്കാനോ സാധിക്കില്ല. അതുകൊണ്ട് തന്നെ നിങ്ങൾ എന്ത് ധരിച്ചിരിക്കുന്നെന്നോ, എവിടെ നോക്കുന്നുവെന്നോ, എവിടെ നിൽക്കുന്നുവെന്നോ ഉള്ളത് വിഷയമല്ല.

ഇത്രവേഗത്തിലുള്ള പ്രചാരം

രണ്ട് കാര്യങ്ങളാണ് ക്ലബ് ഹൗസിനെ ജനകീയമാക്കിയത്. ഒന്ന് ലോക്ഡൗൺ സമയത്താണ് ഇത് പുറത്തു വരുന്നത്. ഏപ്രിൽ 2020–ലാണ് ഐഒഎസിൽ ക്ലബ് ഹൗസ് പ്രത്യക്ഷപ്പെട്ടത്. ആളുകൾ വീടുകളിലിരുന്ന സമയത്ത് ആശയവിനിമയത്തിന് പറ്റിയ മാർഗമായി ക്ലബ്ഹൗസ് മാറി. മറ്റൊന്ന് ഒരു ക്ലബ്ഹൗസ് അംഗത്തിന്റെ സ്വീകരണമില്ലാതെ മറ്റൊരാൾക്ക് അതിലേക്ക് ജോയിൻ ചെയ്യാനാകില്ല എന്നതാണ്. ആർക്ക് വേണമെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യാം. പക്ഷേ അതില്‍ സംസാരിക്കണമെങ്കിൽ ഇൻവൈറ്റിലൂടെ മാത്രമേ സാധിക്കൂ. ഇത് ആപ്പിനെ കൂടുതൽ വ്യത്യസ്തവും ആകാംക്ഷാഭരിതവുമാക്കുന്നു. 

ആരാണ് ആ സ്ത്രീ..?

പലരുടെയും സംശയം ക്ലബ്ഹൗസ് ഐക്കണിലുള്ള ആ സ്ത്രീ ആരാണ് എന്നാണ്. പ്രശസ്ത വിഷ്വൽ ആർടിസ്റ്റും സാങ്കേതിക വിദഗ്ധയും സോഷ്യൽ ആക്ടിവിസ്റ്റുമായ ഡ്രൂ കറ്റോഗയാണ് ക്ലബ്ഹൗസിന്റെ മുഖമായി നിലകൊള്ളുന്നത്. കറ്റോഗ ക്ലബ്ഹൗസിന്റെ ഏഴാമത്തെ ഐക്കണാണ്. ഈ ആപ്പിന്റെ തുടക്കകാലം മുതലുള്ള ഒരു ഉപഭോക്താവാണ് കറ്റോഗ. അമേരിക്കയിലെ ഏഷ്യൻ അമേരിക്കൻ വംശജർക്ക് വേണ്ടി, അവര്‍ അനുഭവിക്കുന്ന വംശീയ അധിക്ഷേപത്തിനും ആക്രമങ്ങൾക്കുമെതിരെ നിരന്തരം വാദിക്കുന്ന വ്യക്തി കൂടിയാണ് കറ്റോഗ. ക്ലബ്ഹൗസ് വഴി സ്റ്റോപ്പ്ഏഷ്യൻഹേറ്റ് എന്ന ക്യാമ്പയിന് കറ്റോഗ തുടക്കം കുറിച്ചു. 7 ലക്ഷം ഫോളോവേഴ്സിനെയാണ് കറ്റോഗ ക്ലബ്ഹൗസിൽ ഉണ്ടാക്കിയത്.  ഏഷ്യൻ അമേരിക്കൻ വംശജർക്കായി വലിയ ഒരു തുക ശേഖരിക്കാനും കറ്റോഗയ്ക്ക് ഇതിലൂടെ സാധിച്ചു.

ക്ലബ് ഹൗസിന്റെ ഇന്ത്യൻ ബന്ധം

ഇന്ത്യൻ വംശജനായ റോഹൻ സേത്തും പോൾ ഡേവിഡ്സണും ചേർന്നാണ് ക്ലബ്ഹൗസ് എന്ന സ്റ്റാർട്ടപ്പിന് തുടക്കം കുറിക്കുന്നത്. 2020-ൽ ഐഒഎസിൽ പ്രത്യക്ഷപ്പെട്ടു. അമേരിക്കയിൽ അതിവേഗ പ്രചാരം. രോഹൻ സേത്തിനും ഭാര്യ ജെന്നിഫരിനും ജനിതക വൈകല്യമുള്ള കുഞ്ഞ് ജനിച്ചു. പേര് ലിഡിയ നീരു സേത്ത്. ഇരിക്കാനും ഇഴയാനും നടക്കാനും സംസാരിക്കാനും സാധിക്കാത്ത മകൾക്ക് വേണ്ടിയുള്ള യാത്രയാണ് ക്ലബ്ഹൗസിലേക്ക് എത്തിച്ചത്. ഇത്തരത്തിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടിയുള്ള ഒരു സോഷ്യൽ പ്ലാറ്റ്ഫോം എന്ന ആശയം. കൂട്ടായി പോൾ ഡേവിസണും. ഹൈലൈറ്റ് എന്ന സോഷ്യൽ മീഡിയ സംരംഭത്തിന്റെ ഉടമയായിരുന്നു പോൾ. പക്ഷേ അത് പരാജയമായിരുന്നു. ഇവർ രണ്ട് പേർ ചേർന്ന് നിർമിച്ച ഉൽപ്പന്നമാണ് ക്ലബ്ഹൗസ്.