ഒരു ജനതയുടെ നിലനിൽപ്പും സ്വഭാവികജീവിതത്തിനും ഭീഷണിയായി ഒരു ഭരണകൂടം. അതിന്റെ അമരക്കാരനോ വിവാദങ്ങളുടെ ഉറ്റതോഴൻ. പ്രഫുൽ കോട പട്ടേൽ. ഗുജറാത്തില്‍ നരേന്ദ്രമോദി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി. ചരിത്രം അധിനിവേശങ്ങൾ പലതിനും സാക്ഷിയായിട്ടുണ്ട്. എന്നാൽ ചെറുത്തുനിൽപ്പ് ഉണ്ടാകുമ്പോൾ മാത്രമാണ് അവ ശ്രദ്ധിക്കപ്പെടുന്നത്. പറഞ്ഞുവരുന്നത് ലക്ഷ്ദ്വീപിന്റെ കാര്യമാണ്, ഒപ്പം അവരുടെ അഡ്മിനിസ്റ്ററുടെയും.
കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പ്രഫുൽ പട്ടേലിന്റെ വിവാദ പരിഷ്കാരങ്ങള്‍ ഇതാദ്യമല്ല. ചെന്നിടത്തെല്ലാം വിവാദം. അതാണ് പ്രഫുൽ പട്ടേലിന്റെ പതിവ്. ഗുജറാത്തിന്റെ അഭ്യന്തരമന്ത്രി കസേരയിൽ ഇരുന്ന കാലത്ത് പ്രഫുൽ കോട പട്ടേൽ നരേന്ദ്രമോദിയുടെ വിശസ്തൻ എന്നറിയപ്പെട്ടു. നരേന്ദ്രമോദി തന്റെ ഗുരുസ്ഥാനത്ത് കണ്ടിരുന്ന ഗുജറാത്തിലെ മുൻകാല ആർഎസ്എസ് നേതാവ് രഞ്ജോദ്ഭായി പട്ടേലിന്റെ മകനാണ് പ്രഫുൽ പട്ടേൽ. 2007 നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിമത് നഗറിൽനിന്ന് വിജയിച്ചാണ് പ്രഫുൽ പട്ടേൽ എംഎൽഎയാകുന്നത്. സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാ ജയിലിലായതിനു പിന്നാലെയാണ് പ്രഫുൽ പട്ടേലിനെ ആ കസേരയിലേക്ക് മോദി നിയോഗിക്കുന്നത്. 2010 മുതൽ 2012 വരെയാണ് അദ്ദേഹം ഗുജറാത്ത് ആഭ്യന്തര മന്ത്രി സ്ഥാനം വഹിച്ചത്.
2010ൽ നടത്തിയ മന്ത്രിസഭാ പുനസംഘടനയിൽ നാല് പേരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. അതിൽ ആഭ്യന്തര മന്ത്രിപദം തന്നെ പ്രഫുൽ പട്ടേലിനെ തേടിയെത്തുകയായിരുന്നു. അമിത് ഷാ വഹിച്ചിരുന്ന 10 വകുപ്പുകളിൽ എട്ടിന്റെയും ചുമതല പ്രഫുൽ പട്ടേലിന്റെ കൈയിലായി.
ഒരു റോഡ് കോൺട്രക്ടർ എന്ന നിലയിൽ നിന്ന് രാഷ്ട്രീയക്കാരനായി ഉയരുന്നതിന് മുമ്പ് തന്നെ, പട്ടേലിന് വ്യക്തമായ സ്വാധീനം സർക്കാരിൽ ഉണ്ടായിരുന്നു. സബാർ കൺട്രക്‌ഷൻസ് എന്ന കമ്പനിയിൽ പട്ടേൽ പാർടണർ ആയിരുന്നു. ഗുജറാത്ത് സർക്കാർ പല വൻപദ്ധതികളുടേയും കരാർ ഏൽപ്പിച്ചിരുന്നത് ഈ കമ്പനിയെയാണ്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിമത് നഗറിൽ പരാജയപ്പെട്ടതോടെ പ്രഫുൽ പട്ടേൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവലിഞ്ഞു. എന്നാൽ 2014ൽ മോദി വീണ്ടും അധികാരത്തിലെത്തിയതോടെ രാഷ്ട്രീയത്തിൽ സജീവമായി.
വീണ്ടും മോദി സർക്കാരിന്റെ ചുവടുപിടിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഇദ്ദേഹത്തിന് തൊട്ടതിലെല്ലാം പിന്നെ പൊള്ളി. കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർമാരായി ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം നിയോഗിക്കുന്ന കീഴ്‌വഴക്കം ലംഘിച്ച് പ്രഫുൽ പട്ടേലിനെ ദാമൻ ദിയുവിന്റെ അഡ്മിനിസ്റ്റേറ്റർ ആക്കി. ദാമൻ ദിയുവിലെ പ്രഫുൽ പട്ടേലിന്റെ പ്രവർത്തനങ്ങൾ വൻ വിവാദത്തിന് വഴിവെച്ചു. വികസനത്തിന്റെ പേരിൽ ആദിവാസികളുടെ വീട് പൊളിച്ചു, അവരെ ജയിലാക്കി. 2016ൽ തന്നെ ഇദ്ദേഹത്തിന് ദാദ്ര നഗർ ഹവേലിയുടെ ചുമതല കൂടി നൽകിയിരുന്നു. ദാദ്ര നഗർ ഹവേലിയിൽ നിന്നുള്ള സ്വതന്ത്ര ലോക്‌സഭാംഗം മോഹൻ ദേൽകറിന്റെ ആത്മഹത്യയും പ്രഫുൽ പട്ടേലിനെ ചുറ്റിപ്പറ്റി ചർച്ചയായി.
പട്ടേലുമായുളള കടുത്ത അഭിപ്രായ വ്യത്യസമാണ് അദ്ദേഹത്തിന്റെ ആത്മഹത്യക്ക് കാരണമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. പിതാവിനെ മാസികമായി ഉപദ്രവിച്ചിരുന്നതായും, കേസിൽ കുടുക്കാൻ ശ്രമം നടന്നെന്നും എംപിയുടെ മകൻ ആരോപിച്ചു. 15 പേജ് വരുന്ന കുറിപ്പ് എഴുതിവച്ചിട്ടാണ് മോഹൻ ദേൽകർ ജീവനൊടുക്കിയത്. സംഭവത്തിൽ പ്രഫുൽ പട്ടേൽ ഉൾപ്പെടെ ആറിലേറെപ്പേർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് മുംബൈ പൊലീസ് കേസെടുത്തിരുന്നു. ആദ്യം കേസിന് വേണ്ടത്ര ഗൗരവം നൽകാതിരുന്ന പൊലീസ്, കുടുംബം മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ കണ്ടതിന് പിന്നാലെയാണ് നടപടി ആരംഭിച്ചത്.
പ്രഫുൽ പട്ടേലിൽനിന്നുള്ള സമ്മർദ്ദത്തെത്തുടർന്നാണ് മലയാളിയായ കണ്ണൻ ഗോപിനാഥൻ 2019 ഓഗസ്റ്റിൽ സിവിൽ സർവീസിൽനിന്ന് രാജിവയ്ക്കുന്നത്. ദാദ്ര നഗർ ഹവേലി കലക്ടറായിരുന്നു അക്കാലത്ത് കണ്ണൻ. പ്രഫുൽ പട്ടേലിന്റെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ വരെ തള്ളിയെങ്കിലും, അദ്ദേഹത്തിന്റെ സമ്മർദം മൂലം കണ്ണൻ രാജിവയ്ക്കുകയായിരുന്നു.
2020 ഡിസംബറിലാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതലയും കൂടി അദ്ദേഹത്തെ തേടിയെത്തുന്നത്. എന്നാൽ അന്നുതൊട്ട് അവിടെ അടിമുടി സംഘപരിവാര്‍ അജൻഡ നടപ്പാക്കാനാണ് പ്രഫുൽ പട്ടേലിന്റെ ശ്രമം എന്നാണ് ഉയര്‍ന്ന ആരോപണം. ദ്വീപിനെ മറ്റൊരു കാശ്മീർ ആക്കുന്നു എന്ന ആരോപണം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഉയര്‍ത്തിക്കഴിഞ്ഞു. ഒരു ജനതയുടെ ആത്മാവ് തന്നെ തകര്‍ക്കുന്ന പരീക്ഷണങ്ങളുമായി ഭരണകൂടം മുന്നോട്ടുപോകുമ്പോള്‍, ഉയരുന്ന ആശങ്ക വലുതാണ്. ഒപ്പം മതേതര ജനാധിപത്യ കക്ഷികള്‍ ആ ചെറിയ നാടിനായി ഒന്നിക്കുന്നു എന്നത് വലിയ പ്രതീക്ഷയും.