1,72,290 രൂപ അടങ്ങിയ തന്റെ ബാഗ് കാണുന്നില്ലെന്ന പരാതിയുമായി ഭിക്ഷക്കാരൻ പൊലീസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്രയിലെ പാർലി പൊലീസ് സ്റ്റേഷനിലാണ് ഭിക്ഷാടകനായ ബാബുറാവു നായിക്വാഡെ എന്ന വയോധികൻ എത്തിയത്. ഇയാൾ വൈജ്നാഥ് ക്ഷേത്രത്തിന് ഭിക്ഷയാചിച്ചാണ് ജീവിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഇയാൾ പരാതിയുമായി സ്റ്റേഷനിലെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

പരാതി കേട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ആദ്യം അമ്പരപ്പാണ് ഉണ്ടായത്. എന്നാൽ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസഥർ അന്വേഷണം ആരംഭിച്ചു. തന്റെ ബാഗിൽ 1,72,290 രൂപ ഉണ്ടായിരുന്നതായും ഇയാൾ വ്യക്തമാക്കി. വർഷങ്ങളായി ക്ഷേത്രത്തിന് സമീപം ഭിക്ഷയാചിച്ചാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഭക്ഷണമായും പണമായും ക്ഷേത്രത്തിലെത്തുന്നവർ ഇയാളെ സഹായിക്കാറുണ്ട്. 

പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് മൂന്നുമണിക്കൂറിനുള്ളിൽ ബാഗ് കണ്ടെത്തി. രാംനഗർ തണ്ടയ്ക്ക് സമീപമുള്ള സ്ഥലത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്. വയോധികൻ പറഞ്ഞ പണം അതുപോലെ തന്നെ ബാഗിൽ ഉണ്ടായിരുന്നു. ബാഗ് മോഷ്ടിക്കപ്പെട്ടതാണോ നഷ്ടപ്പെട്ടുപോയതാണോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങി പണം അങ്ങോട്ട് മാറ്റാൻ നിർദേശിച്ചാണ് പൊലീസ് ഇയാളെ മടക്കി അയച്ചത്.