python-indonesia

മനുഷ്യനെ വിഴുങ്ങിയെന്ന സംശയത്തിൽ കൂറ്റൻ പെരുമ്പാമ്പിന്റെ വയർ കീറിമുറിച്ച് പ്രദേശവാസികൾ. ഇന്തോനീഷ്യയിലെ സുലാവസി പ്രവിശ്യയിലാണ് സംഭവം നടന്നത്. മാറോസ് ജില്ലയിലെ റോംപെഗാഡിങ് വനത്തിൽ മരക്കറ  ശേഖരിക്കാനെത്തിയ അഗസും കുടുംബവുമാണ് ഇരവിഴുങ്ങിയ നിലയിൽ അനങ്ങാനാവാതെ കിടക്കുന്ന പെരുമ്പാമ്പിനെ പാറക്കൂട്ടങ്ങൾക്കിടയിൽ കണ്ടെത്തിയത്.

23 അടിയോളം നീളമുള്ള പെരുമ്പാമ്പ് ഇരവിഴുങ്ങിയതിന്റെ ക്ഷീണത്തിലായതിനാൽ അനങ്ങാൻ പോലുമാകാതെയാണ് പാറകൾക്കിടയിൽ കിടന്നത്. പെരുമ്പാമ്പിന്റെ വീർത്ത വയർ കണ്ടാണ് ഇവർ മനുഷ്യനെ വിഴുങ്ങിയതാകാമെന്ന നിഗമനത്തിലെത്തിയത്. വലിയ കയർ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് വലിച്ചാണ് പെരുമ്പാമ്പിനെ വനത്തിനു പുറത്തേക്കെത്തിച്ചത്.

പാമ്പിന്റെ വയർ കണ്ട പ്രദേശവാസികളും സംശയം ഉന്നയിച്ചതോടെയാണ് അതിന്റെ വയർ കീറി പരിശോധിക്കാൻ തീരുമാനിച്ചത്. കുട്ടികളെയോ മറ്റോ വിഴുങ്ങിയതാവാമെന്നായിരുന്നു പ്രദേശവാസികളുടെ നിഗമനം. എന്നാൽ വയർ കീറിയപ്പോൾ‍ കണ്ടത് പശുക്കിടാവിനെയായിരുന്നു. ഇരവിഴുങ്ങിയിട്ട് അധികസമയവും ആയിട്ടുണ്ടായിരുന്നില്ല.

കുറച്ചു നാളുകളായി പ്രദേശവാസികളുടെ ആടിനെയും കോഴികളെയും മറ്റു വളർത്തുമൃഗങ്ങളെയുമൊക്കെ കാണാതാകുക പതിവായിരുന്നു. അതൊക്കെയും ഈ പാമ്പ് ഭക്ഷിച്ചതാകാമെന്നാണ് പ്രദേശവാസികളുടെ നിഗമനം. 23 അടിയോളം നീളമുണ്ടായിരുന്നു കൂറ്റൻ പെരുമ്പാമ്പിന്. കുറച്ച് വർഷങ്ങൾക്ക് മുൻപ് പെരുമ്പാമ്പ് മനുഷ്യനെ വിഴുങ്ങിയ സംഭവം ഇന്തോനീഷ്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു.