അനേകായിരങ്ങൾക്കു പ്രചോദനമേകാൻ നന്ദു മഹാദേവ എന്ന പോരാളി ഇനിയില്ല. എങ്കിലും ഓർമകളിൽ അവൻ ജീവിക്കുന്നു. കുറഞ്ഞ ജീവിത നാളുകൾക്കുള്ളിൽ നന്ദു കാണിച്ചു കൊടുത്തു എന്താണ് പോരാട്ടം എന്ന്. ചെറിയ തിരിച്ചടികളിലും കുറവുകളിലും തളർന്നു പോകുന്നവർക്കു ഒരു റോൾ മോഡലായിരുന്നു ഈ പയ്യൻ.  കാന്‍സര്‍ അതിജീവനപോരാളി നന്ദു മഹാദേവയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടി സീമ ജി. നായരുടെ വാക്കുകൾ വായിക്കുന്നവരിലും വേദനയുണർത്തുന്നു. 

 

സീമ ജി. നായരുട വാക്കുകൾ:

 

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി. കറുത്ത ശനി... വേദനകൾ ഇല്ലാത്ത ലോകത്തേയ്ക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷേ.... പുകയരുത്.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. 

 

നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു...എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്...

 

സമൂഹ മാധ്യമങ്ങളിലൂടെ സുപരിചിതനായ നന്ദു മഹാദേവ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളിയായാണ് നന്ദുവിനെ ഏവരും കണ്ടിരുന്നത്. രോഗത്തെ ചിരിയോടെ നേരിട്ട് അര്‍ബുദ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. 

 

അതി ജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അവസാന ദിവസങ്ങളില്‍ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം.  തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്.