ഫുഡ് വ്ലോഗ്, ലൈഫ് സ്റ്റൈൽ വ്ലോഗ്, ബ്യൂട്ടി വ്ലോഗ്... അങ്ങനെ യൂട്യൂബർമാർ ഒന്നിനു പിറകേ ഒന്നായി എത്തിക്കൊണ്ടിരുന്ന കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ശ്രീകാന്ത് വെട്ടിയാർ എന്ന യുവാവ് തനത് മാവേലിക്കര സ്ലാങ്ങിൽ ഹാസ്യ വിഡിയോകളുമായി കളത്തിലിറങ്ങുന്നത്. പാരഡിയും സ്പൂഫുമൊക്കെ മുൻപും കണ്ടിട്ടുള്ള മലയാളികൾ ശ്രീകാന്തിനെ അധികം വൈകാതെ തന്നെ നെഞ്ചേറ്റി. വേറിട്ട അവതരണശൈലിയും ഹാസ്യവുമൊക്കെ പെട്ടെന്നുതന്നെ ഹിറ്റ് ആയി. വാട്സ്ആപ്പ് സ്റ്റാറ്റസുകളായും ഫോർവേർഡ് മെസേജുകളുമായൊക്കെ വെട്ടിയാർ കോമഡികൾ പലകുറി സോഷ്യൽ ഫീഡുകളിൽ നിറഞ്ഞു. തിരഞ്ഞെടുക്കുന്ന വിഷയങ്ങളെക്കുറിച്ചും വിഡിയോ മേക്കിങ്ങ് രീതിയെക്കുറിച്ചും ഭാവി സ്വപ്നങ്ങളെക്കുറിച്ചും തനത് വെട്ടിയാര്‍ ശൈലിയിൽ ശ്രീകാന്ത് മനോരമന്യൂസ്.കോമിനോട്:
ഗൾഫ് ടു കേരള
''ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയാണ് ഈ പണിക്ക് ഇറങ്ങിത്തിരിച്ചത്. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു പിന്നിൽ, ഒപ്പം അതിയായ സിനിമാമോഹവുമുണ്ട്.
മിക്കവാറും എന്റെ മനസിൽ തോന്നുന്ന ആശയങ്ങൾ തന്നെയാണ് വിഡിയോകൾക്ക് വിഷയമാകാറുള്ളത്. ചുറ്റും നടക്കുന്ന സംഭവങ്ങളിൽ നിന്നും പരിചയമുള്ള ആളുകളിൽ നിന്നുമെല്ലാം കണ്ടെന്റ് ലഭിക്കാറുണ്ട്. ഏറ്റവുമൊടുവിൽ ചെയ്ത 'സേവ് ദ ഡേറ്റ്' വിഡിയോ അത്തരത്തിലൊന്നാണ്. സ്ഥിരമായി മറ്റുള്ളവരിൽ നിന്നും കടം വാങ്ങുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. അവനെ ഇടക്കിടെ ഞങ്ങൾ ഉപദേശിക്കാറുണ്ട്. അവനിൽ നിന്നുമാണ് ഈ വിഡിയോക്കുള്ള കണ്ടന്റ് ലഭിക്കുന്നത്. ഇതിലെ റാസ്പുഡിൻ പാരഡി എഴുതിയിരിക്കുന്നത് എന്റെ സുഹൃത്ത് നോയൽ ആണ്. ബാബുമോൻ, ദൃശ്യം സ്പൂഫിലെ പാരഡി ഒക്കെ എഴുതിയത് ഞാന്‍ തന്നെയാണ്''.
പേരിലെ വെട്ടിയാർ
''വെട്ടിയാർ എന്നത് സ്ഥലപ്പേരാണ്. പന്തളം–മാവേലിക്കര റൂട്ടിലുള്ള സ്ഥലം. ഇവിടെത്തന്നെയുള്ള എന്റെ സുഹൃത്തുക്കളാണ് വിഡിയോയുടെ മുന്നണിയിലും പിന്നണിയിലുമൊക്കെ എനിക്കൊപ്പം പ്രവർത്തിക്കുന്നത്. കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് വിഡിയോകൾ ചെയ്തുതുടങ്ങിയത്. മിക്കവാറും വീട്ടിലും വീടിന്റെ പരിസരങ്ങളിലുമൊക്കെയായിരിക്കും ഷൂട്ടിങ്ങ്''
മൊബൈലിൽ തുടക്കം
''ആദ്യം മൊബൈൽ ഫോണിലാണ് വിഡിയോകൾ ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ ക്യാമറയുണ്ട്. ചില വിഡിയോകൾ ഇപ്പോഴും മൊബൈലിൽ തന്നെയാണ് ഷൂട്ട് ചെയ്യുന്നത്. സിജു, ഷിനു, നോയൽ, ഗബ്രിയേൽ, ശിവശങ്കർ, തുടങ്ങിയ സുഹൃത്തുക്കളാണ് എനിക്കൊപ്പം പ്രവർത്തിക്കുന്നത്''
പൊളിടിക്കൽ കറക്ടനസ്
''വിഡിയോ ചെയ്യും മുൻപ് ഞാൻ സ്വന്തമായി ഇരുന്ന് ചിന്തിക്കാറുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടോ?, പൊളിട്ടിക്കലി കറക്ട് ആണോ എന്നൊക്കെ. ചിലപ്പോൾ അത്തരം വിഷയങ്ങളെക്കുറിച്ച് കൂടുതൽ അറിയാവുന്നവരോട് വിഡിയോ ചെയ്യും മുൻപ് സംസാരിക്കാറുണ്ട്''.
സിനിമയിലേക്ക്...
''തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകൻ ഗിരീഷ് ചേട്ടന്റെ 'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിൽ അഭിനയിച്ചു. അർജുൻ അശോകനും അനശ്വര രാജനുമാണ് നായികാനായകന്‍മാർ. സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ടില്ല. എന്റെ ഷെഡ്യൂൾ പൂർത്തിയായി. തിരക്കഥാരചന, അഭിനയം എന്നിവയിലെല്ലാം താത്പര്യം ഉണ്ട്. കൂടുതൽ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു''.
അമ്മ ഇപ്പോൾ ഹാപ്പി
''അമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. സഹോദരി വിവാഹിതയാണ്. ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നപ്പോൾ അമ്മ അത്ര സന്തോഷവതിയല്ലായിരുന്നു. ഇപ്പോൾ കുടുംബം ഹാപ്പി, ഞാനും ഹാപ്പി''.