മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗായിക കെ.എസ്. ചിത്ര. മുഖത്തു സദാ ചിരി മാത്രമുള്ള ചിത്ര സന്തോഷിച്ചപ്പോള്‍ നമ്മളും സന്തോഷിച്ചു. കരഞ്ഞപ്പോള്‍ കൂടെക്കരഞ്ഞു. അത്രയ്ക്കു ഗാഢബന്ധമാണ് മലയാളികളും ചിത്രയും തമ്മില്‍. ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമായിരുന്നു മകളുടെ വേര്‍പാട്.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. എന്നാല്‍ ഓമനിച്ചു കൊതി തീരും മുന്‍പേ വിധി കുഞ്ഞിനെ തട്ടിയെടുത്തു. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണാണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടത്. മകളുടെ ജന്മദിനത്തിലും ഓർമദിനത്തിലുമെല്ലാം ഗായിക ചിത്രങ്ങൾ പങ്കുവയ്ക്കുകയും മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന നൊമ്പരം എത്രത്തോളമാണെന്നു വെളിപ്പെടുത്തുകയും ചെയ്യാറുണ്ട്.
അകാലത്തിൽ വേർപെട്ട മകൾ നന്ദനയുടെ ഓർമദിനത്തിൽ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ചിത്ര. മകളുടെ പുഞ്ചിരിക്കുന്ന ചിത്രം പങ്കുവച്ച് ചിത്ര കുറിച്ച വാക്കുകൾ ആരാധകരുടെ ഉള്ള് പൊള്ളിക്കുകയാണ്. മകളുടെ ഓർമകൾ ഇന്നും നിധി പോലെ സൂക്ഷിക്കുകയാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഗായിക കുറിച്ചു. നന്ദനയുടെ വേർപാടിന്റെ പത്താം വർഷമാണിത്.
‘നിന്റെ ജനനം ആയിരുന്നു ഞങ്ങൾക്കു ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓർമകൾ ഞങ്ങൾക്കെന്നും നിധി പോലെയാണ്. ഞങ്ങൾക്കു നിന്നോടുള്ള സ്നേഹം വാക്കുകൾക്കപ്പുറമാണ്. നിന്റെ ഓർമകൾ ഞങ്ങളുടെ ഹൃദയത്തിൽ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനിൽക്കുകയും ചെയ്യും. ഒരു വേള എങ്കിലും നിന്നെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നീ ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ഞങ്ങള്‍ക്കു നിന്നോടു പറയണം. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു’, മകളുടെ ചിത്രം പങ്കുവച്ച് കെ.എസ്.ചിത്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.