bijibal-song

TAGS

ചിലരുടെ വേര്‍പാട് അങ്ങനെയാണ്. ഉറ്റവരുടെ പ്രാണന്റെ പാതി അടര്‍ന്നെടുത്തായിരിക്കും അവര്‍ യാത്രയായിട്ടുണ്ടാകും. ആ ഓര്‍മകള്‍ പിന്നീട് അവര്‍ക്ക് സ്വാന്തനമേകാം, ചിലപ്പോള്‍ വേദനിപ്പിക്കാം, പൊള്ളിക്കാം. എന്നാലും ആ ഓര്‍മകള്‍ക്കും ഒരു സുഖമുണ്ടായിരിക്കും. സംഗീതത്തേക്കാള്‍ സ്നേഹിച്ചിരുന്നു ബിജിബാല്‍ ശാന്തിയെ. ഇൗ ലോകത്തു നിന്ന് വേർപെട്ടു പോയാലും നമുക്കൊപ്പം തന്നെ കാണും ചിലർ. എന്നും എപ്പോഴും. അവരുടെ ഓർമകളും, അവർ നമ്മളിൽ തീർത്ത സ്വാധീനവും അത്രമേൽ ശക്തമായിരിക്കും. പിന്നീടുള്ള നമ്മുടെ യാത്രകൾക്ക് ഊർജമാകുന്നതും അതുതന്നെയായിരിക്കും. ‘വെള്ളം’ സിനിമയില്‍  ബിജിബാൽ ഈണം നൽകിയ ‘ആകാശമായവളെ’ എന്ന ഗാനം ആസ്വാദകരുടെ മനസില്‍ ആഴത്തിലാണ് പതിഞ്ഞത്. 

 

ജീവിതത്തിൽ കൂടെ നിൽക്കാനും , കൂടെ ചേർത്ത് പിടിക്കാനും ആരുമില്ലാതെ ഒറ്റക്കായി പോയ മുരളിയുടെ അവസ്ഥ വിവരിക്കുന്ന ഗാനത്തെ ബിജിബാലിന് സംഭവിച്ച വലിയ നഷ്ടവുമായി ചേർത്തുവയ്ക്കുകയാണ് സനൽ കുമാർ പദ്മനാഭൻ. ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ വിയോഗവും അതിനെ തുടർന്ന് അദ്ദേഹത്തിനുണ്ടായ വേദനയും ഓർത്തു കൊണ്ടാണ് സനലിന്റെ കുറിപ്പ്. നിധീഷ് നടേരി എഴുതിയ ഈ വരികൾ ആദ്യമായി വെള്ളപേപ്പറിലെ അക്ഷരങ്ങൾ ആയി കണ്ടപ്പോൾ ബിജിബാൽ സാറിന്റെ ഹൃദയത്തിന്‍റെ കരിങ്കൽ ഭിത്തികളിൽ നിറഞ്ഞു കത്തി കൊണ്ടിരുന്ന ആ ചിരാതിന്റെ പ്രകാശം ഒരല്പം കൂടിയിരിക്കുമോ? എന്ന് സനൽ ചോദിക്കുന്നു. മൂവി സ്ട്രീറ്റ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് സനൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

 

 

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

 

ആകാശമായവളേ

 

അകലെപ്പറന്നവളേ

 

ചിറകായിരുന്നല്ലോ നീ

 

അറിയാതെ പോയന്നു ഞാൻ

 

നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ..

 

ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്

 

ഞാനോ ശൂന്യമായി.

 

ഉടലും ചേർന്നു പോയ് ഉയിരും പകുത്തുപോയ്

 

ഉള്ളം പിണഞ്ഞു പോയി..

 

ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം

 

തീരാ നോവുമായി..

 

ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം

 

നീയാം തീരമേറാൻ..

 

ജീവിതത്തിൽ കൂടെ നിൽക്കാനും , കൂടെ ചേർത്ത് പിടിക്കാനും ആരുമില്ലാതെ ഒറ്റക്കായി പോയ മുരളിയുടെ കഥ പറഞ്ഞ ‘വെള്ള’ത്തിനു വേണ്ടി  ഈണം നൽകുവാൻ ആയി നിധീഷ് നടേരി എഴുതിയ ഈ വരികൾ ആദ്യമായി വെള്ളപേപ്പറിലെ അക്ഷരങ്ങൾ ആയി കണ്ടപ്പോൾ ബിജിപാൽ സാറിന്റെ ഹൃദയത്തിന്‍റെ കരിങ്കൽ ഭിത്തികളിൽ നിറഞ്ഞു കത്തി കൊണ്ടിരുന്ന ആ ചിരാതിന്റെ പ്രകാശം ഒരല്പം കൂടിയിരിക്കുമോ ?

 

അറിയില്ല !! 

 

ആ വരികൾ അയാൾക്ക് വെറുമൊരു സിനിമാപാട്ട് മാത്രം ആയിരുന്നില്ല...

 

ജീവിതത്തിന്റെ പാതിവഴിയിൽ , 36 ആം വയസിൽ ഇനി ഒരിക്കലും കർട്ടൻ പൊങ്ങാത്ത ആ ഇരുണ്ട സ്റ്റേജിലേക്ക് ആ വലിയ കലാകാരൻ കൂട്ടികൊണ്ടു പോയ ,പതിനഞ്ചോളം വർഷങ്ങൾ താങ്ങും തണലും ആയി നിഴൽ പോലെ കൂടെ നടന്ന തന്റെ പ്രാണന്റെ പതിയായവളേ കുറിച്ചുള്ള ഓർമ്മകൾ ഒരു വേള അയാളെ പൊള്ളിച്ചിരിക്കാം.....

 

ആ വരികൾക്ക് ഈണമൊരുക്കാനായി ഹാര്‍മോണിയത്തിൽ കൈവിരലുകൾ പതിഞ്ഞപ്പോൾ പുറത്തു വന്ന ഈണങ്ങൾക്കെല്ലാം അയാളുടെ ഹൃദയസ്പന്ദനത്തിന്റെ താളം ആയിരുന്നു.