hippo-lady-plastic-bottle

ഭക്ഷണം ആണെന്ന് കരുതി വായ തുറന്ന ഹിപ്പപൊട്ടാമസിന്റെ വായിലേക്ക് പ്ലാസ്റ്റിക് കുപ്പി എറിഞ്ഞ് െകാടുത്ത് യുവതിയുടെ ക്രൂരത.ഇന്തോനീഷ്യയിലെ വെസ്റ്റ് ജാവയിലുള്ള തമൻ സഫാരി പാർക്കിലാണ് സംഭവം. കാറിൽ പോവുകയായിരുന്ന യുവതി ഹിപ്പോയെ കണ്ടതോടെ പ്ലാസ്റ്റിക് കുപ്പി ഉയർത്തിക്കാട്ടി. അത് ഭക്ഷണമാകുമെന്ന് ധരിച്ച ഹിപ്പോ വായ തുറന്നു. അപ്പോൾ വായിലേക്ക് യുവതി പ്ലാസ്റ്റിക് കുപ്പിയും ടിഷ്യൂ പേപ്പറുകളും വലിച്ചെറിഞ്ഞു കൊടുക്കുകയായിരുന്നു. 

യുവതിയുടെ വാഹനത്തിന് പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്ന സിന്ധ്യ ആയു എന്ന വ്യക്തിയാണ് സംഭവം ക്യാമറയിൽ പകർത്തിയത്. കുപ്പി വായിലേക്ക് വീണതോടെ ചവച്ചിറക്കാൻ ഹിപ്പോ ശ്രമിച്ചു. അപകടം മനസിലാക്കിയ സിന്ധ്യ ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചു. ഏറെനേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് കുപ്പി വായിൽ നിന്നും പുറത്തെടുക്കാനായത്.

അതിനുശേഷം ഹിപ്പോയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്താൻ വിശദമായ പരിശോധനകൾക്കും വിധേയമാക്കി. സംഭവം വാർത്തയായതോടെ കുറ്റകൃത്യം ചെയ്ത വ്യക്തിയെ കണ്ടെത്തിയതായി ഇന്തോനീഷ്യയിലെ മൃഗസംരക്ഷണ സംഘടനയുടെ പ്രതിനിധിയായ ഡോനി ഹെർദാരു വ്യക്തമാക്കി. മധ്യവയസ്കയായ ഒരു യുവതിയാണ് ക്രൂരകൃത്യം ചെയ്തതെന്നും വിഡിയോ സന്ദേശത്തിലൂടെ ഇവർ മാപ്പ് പറഞ്ഞതായും ഡോനി അറിയിച്ചു.