couple

റോമൽ ബാസ്കോക്ക് വയസ് 55,  റൊസാലിൻ ഫെററിന് 50 ഉം. 24 വര്‍ഷമായി ഇവര്‍ ഇരുവരും ഒരുമിച്ച് ജീവിക്കുന്നു. ആറ് മക്കളുണ്ട്. പക്ഷേ ഇവര്‍ വിവാഹിതരായിരുന്നില്ല. ആഗ്രഹമില്ലാത്തതുകൊണ്ടല്ല. ആക്രി പെറുക്കി വിറ്റാണ് ഉപജീവനം. ഇതിനിടക്ക് വിവാഹം എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു.

തെരുവിൽ പ്ലാസ്റ്റിക് പെറുക്കുന്ന ദമ്പതികളെ യാദൃച്ഛികമായാണ് റിച്ചാർഡ് സ്ട്രാൻഡ്സ് എന്ന ഹെയർസ്റ്റൈലിസ്റ്റ് കണ്ടത്. ഇവരെ അടുത്തറിഞ്ഞ് റിച്ചാര്‍ഡ് ആ ജീവിതങ്ങളും വേദനകളും അടുത്തുമനസിലാക്കി.. മനസ്സിൽ ഇപ്പോഴും സൂക്ഷിക്കുന്ന വിവാഹം എന്ന ഇവരുടെ ആഗ്രഹം കേട്ടപ്പോൾ ഒന്നു ശ്രമിച്ചു നോക്കാം എന്നായി. സുഹൃത്തുക്കളുമായി ചേര്‍ന്ന് വിവാഹത്തിനുവേണ്ട ഒരുക്കങ്ങള്‍ ചെയ്തു. വിവാഹത്തിനുള്ള ലൈസൻസ് നേടിയശേഷം ഇവർക്കായി മനോഹരമായ വിവാഹവസ്ത്രം വരെ തയാറാക്കി. ഗംഭീരമായി ഒരു വെഡ്ഡിങ് ഷൂട്ടും നടത്തി. പള്ളിയിൽവെച്ച് വിവാഹം നടത്താൻ ആവശ്യമായ കാര്യങ്ങളെല്ലാം റിച്ചാർഡ് പൂർത്തിയാക്കിയിട്ടുണ്ട്.

ചെറിയ കുട്ടി ആയിരുന്നപ്പോൾ ഇങ്ങനെയുള്ള വിവാഹം സ്വപ്നം കണ്ടിരുന്നു. എന്നാൽ അതെല്ലാം മനസ്സിൽനിന്നും എപ്പോഴോ മാഞ്ഞു പോയിരുന്നു. ഞങ്ങള്‍ക്ക് ഒരിക്കലും ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല. മതിയായ ഭക്ഷണം കിട്ടുക എന്നതിനായിരുന്നു ഒരോ ദിവസവും പ്രാധാന്യം നൽകിയിരുന്നതെന്നും ഇപ്പോള്‍ ആ സ്വപ്നം പൂവണിയുന്നില്‍ അളവില്ലാത്ത സന്തോഷമുണ്ടെന്നും റോമൽ ബാസ്കോക്ക് പറയുന്നു.